പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കിൽ എന്തിന് ജനങ്ങൾ ടോൾ നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു. ഉടൻ പരിഹരിക്കാമെന്ന് എൻഎച്ച് എ ഐ അറിയിച്ചു.
പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം ആണ് പ്രധാനം. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ കഴിയണം. ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല. ദേശീയ പാത അതോറിറ്റിക്ക് ഗുരുതര അലംഭാവം ആണുള്ളത്.
അതേയസമയം ഒരാഴ്ച കൂടി ദേശീയപാത അതോറിറ്റി സമയം തേടിയിട്ടുണ്ട്. അതിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്ന് കോടതിയുടെ മുന്നറിയിപ്പ് നൽകി. ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശം നൽകി. വിഷയം 16ന് പരിഗണിക്കാൻ മാറ്റി.


