തൃശൂർ:ബസുടമ കോ– ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌ത സ്വകാര്യ ബസുകളുടെ സൂചനാപണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. പലയിടത്തും യാത്രക്കാർ വലഞ്ഞു. അതേസമയം കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തി. ബസുടമകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലേക്ക് പ്രകടനമായെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന യോഗം കോ— ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കൺവീനർ വി എസ് പ്രദീപ്, കെ ബി സുരേഷ്, നൗഷാദ് ആറ്റുപറമ്പത്ത്, കെ കെ സേതുമാധവൻ എന്നിവർ സംസാരിച്ചു. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ജിപിഎസ് സ്‌പീഡ് ഗവർണർ കാമറകൾ തുടങ്ങിയ ഗതാഗത വകുപ്പിൻ്റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 22 മുതൽ അനിശ്ചിത കാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.


