തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ റിപ്പോർട്ട് ഈ മാസം എഡിപിക്ക് കൈമാറും.
തൃശൂർ പൂരം നടന്ന ദിവസം പൂരനഗരിയിൽ ചട്ടം ലംഘിച്ച് ആംബുലൻസിൽ എത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിൽ എത്തിയെന്നത് കള്ളമാണെന്നായിരുന്നു നടന്റെ വാദം. താൻ ആംബുലൻസിൽ പോയത് മായക്കാഴ്ചയാണെന്നായിരുന്നു പൊതുവേദികളിൽ സുരേഷ് ഗോപി പ്രസം ഗിച്ചിരുന്നത്. എന്നാൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞതോടെ പുതിയ തിരക്കഥയുമായെത്തി. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാൽ തന്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസിൽ പോയതെന്നുമായിരുന്നു കഥ. കുറച്ചു ദിവസത്തിന് ശേഷം കാലിന് വേദനയായതിനാൽ നടക്കാൻ പറ്റാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നു കൂടി കഥയിൽ ചേർത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.


