തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റാൻ കെഎസ്ആർടിസി എംഡി ഉടൻ അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിങ്കളാഴ്ചയ്ക്ക് മുമ്പ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള ടെൻഡർ വിളിക്കും.
ടെൻഡർ ഏറ്റെടുക്കുന്നവർ 45 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കും. അല്ലാത്ത പക്ഷം കരാറുകാരൻ കെഎസ്ആർടിസിക്ക് പിഴ നൽകേണ്ടി വരും. ഇതിനുമുമ്പേ, ഇക്കണ്ട വാര്യർ റോഡിലെ കോർപറേഷൻ്റെ നാലേക്കർ സ്ഥലത്ത് താൽക്കാലിക ബസ് സ്റ്റാൻഡ് സജ്ജമാക്കും. നവീകരണത്തിന് പി ബാലചന്ദ്രൻ എംഎൽഎയുടെ നവകേരളം ഫണ്ടിൽ നിന്ന് ഏഴുകോടിയും എംഎൽഎ ഫണ്ടിൽ നിന്ന് 2.5 കോടിയും വിനിയോഗിക്കും. തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്ന് നിലയിലുള്ള കെട്ടിടമാകുമിത്. ആദ്യ നിലയിൽ ഓപ്പറേഷൻ വിഭാഗം, കാൻ്റീൻ, ശുചിമുറി സമുച്ചയം എന്നിവ പ്രവർത്തിക്കും. കോർപറേഷൻ സ്ഥലം അനുവദിക്കുന്നതിനനുസരിച്ച് പരമാവധി പുറകിലേക്ക് നീക്കിയാകും പുതിയ കെട്ടിടം നിർമിക്കുന്നത്. രൂപരേഖ പിഡബ്ല്യുഡി തയ്യാറാക്കും. ഇതിനുശേഷം റവന്യൂമന്ത്രിയും എംഎൽഎയുമായി ചർച്ച നടത്തും. തുടർന്ന്
ഇതുസംബന്ധിച്ച് പൊതുമധ്യത്തിൽ ചർച്ച നടത്തി നിർദേശങ്ങൾ സ്വീകരിക്കും. പഴയ ഗ്യാരേജ് നവീകരിക്കാനുള്ള അരക്കോടി രൂപയും എംഎൽഎ ഫണ്ടിൽനിന്ന് നൽകും. സ്റ്റാൻഡിന്റെ മുൻവശത്തുള്ള ഗ്യാരേജ് പൊളിച്ചുമാറ്റും. നിലവിൽ പമ്പിന് അനുവദിച്ച സ്ഥലത്തുനിന്ന് കുറച്ച് തിരിച്ചെടുക്കും. കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകൾക്കും തിരുവനന്തപുരം, പാലക്കാട് ഭാ ഗത്തുനിന്നുവരുന്ന ബസുകൾക്കും പ്രത്യേകം പ്രവേശന കവാടം സ്ഥാപിക്കും. രണ്ട് ബസ് സ്റ്റാൻഡുകളിലാവും ഇവ പാർക്ക് ചെയ്യുക. ഇതിനിടയിൽ വെയിറ്റിങ് ഏരിയ സ്ഥാപിക്കും. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന ഇവിടെ ഇരിപ്പിടങ്ങളും ബസ് വിവരങ്ങൾ പ്രദർശിപ്പിക്കാൻ ഡിസ്പ്ലേ ബോർഡും ഉണ്ടാകും. രണ്ടാംഘട്ടത്തിൽ കെഎസ്ആർടിസിയേയും റെയിൽവേയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാത നിർമിക്കും. റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ച് കെഎസ്ആർടിസിയിലേക്കും സുഗമമായി പോകാനുള്ള മേൽക്കൂരയുള്ള പാതയായിരിക്കുമിത്. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കോർപറേഷൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശപ്പാത നിർമാണത്തിന് സിഎസ്ആർ ഫണ്ടുമായെത്തുന്ന സ്ഥാപനങ്ങളേയും സ്പോൺസർമാരേയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ എന്നിവരും ഗതാഗത മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


