നെടുമ്പാശേരി:കൊച്ചി വിമാനത്താവളത്തിൽനിന്ന് ശനി രാവിലെ ഏഴിനുള്ള വിമാനത്തിലാണ് മൃതദേഹങ്ങൾ കൊൽക്കത്തിയിൽ എത്തിച്ചത്. പശ്ചിമബംഗാൾ മാൾഡ സ്വദേശികളായ റബീഉൽ ഇസ്ലാം (18), അബ്ദുൽ ആലം (31), റബീഉൽ ഇസ്ലാം (21) എന്നിവരാണ് മരിച്ചത്. തൃശൂർ കൊടകര പഞ്ചായത്ത് ഓഫീസിനുസമീപം വെള്ളി രാവിലെയാണ് നൂറുവർഷമായ വീട് തകർന്ന് തൊഴിലാളികൾ മരിച്ചത്. അപകടമുണ്ടാകുമ്പോൾ 17 പേർ വീട്ടിലുണ്ടായിരുന്നു. വീട് തകരുന്ന ശബ്ദംകേട്ട് പുറത്തേക്കോടിയ മൂന്നുപേരുടെ മുകളിലേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. തൃശൂർ കലക്ടറുടെയും ജില്ലാ ലേബർ ഓഫീസറുടെയും നേതൃത്വത്തിൽ വെള്ളി രാത്രിയോടെതന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. രാത്രിയോടെ അതിഥി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ഷിഹാബ് പറേലി, ബാവ ഹുസൈൻ, കോ–ഓർഡിനേറ്റർ പി എ മൻസൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി വിമാനമാർഗം എത്തിക്കുകയായിരുന്നു.


