തൃശ്ശൂർ:എംജി റോഡിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കരിദിനമാചരിച്ചു. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കൗൺസിലർമാർ കറുത്ത ഗൗൺ അണിഞ്ഞ് ശവപ്പെട്ടിയുമായി കോർപറേഷൻ്റെ മെയിൻ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിഷ്ണുദത്ത് എന്ന ചെറുപ്പക്കാരൻ ബസ് കയറിയാണ് മരിച്ചതെന്നും റോഡിലെ കുഴിമൂലം അല്ലെന്നും കുഴിയുണ്ടെങ്കിൽ അത് കൗൺസിലറുടെ ഉത്തരവാദിത്വമാണെന്നുമുള്ള മേയറുടെ പ്രസ്‌താവന ഒളിച്ചോട്ടമാണ്. വിഷ്ണുദത്തിനെ മരണശേഷവും മേയർ അധിക്ഷേപിക്കുന്നുവെന്നും സമരം ഉദ്ഘാടനം ചെയ്യവേ രാജൻ ജെ. പല്ലൻ ആരോപിച്ചു. ഇ.വി. സുനിൽ രാജ്, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, ലാലി ജെയിംസ്, സുനിത വിനു, എ.കെ. സുരേഷ്, വിനീഷ് തയ്യിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.