തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾക്ക് ജീവൻ തുടിക്കുന്ന യന്ത്ര ആനകളെ ക്ഷേത്രങ്ങൾക്ക് സംഭാവന നൽകി നടി തൃഷ. ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന യന്ത്ര ആനകളെയാണ് തൃഷ നൽകിയത്. തമിഴ്‌നാട്ടിലെ ശ്രീ അഷ്ടലിംഗ അതിശേഷ സെൽവ വിനായഗർ, ശ്രീ അഷ്ടഭുജ അതിശേഷ വാരാഹി അമ്മൻ ക്ഷേത്രങ്ങൾക്കാണ് നടി യന്ത്ര ആനകളെ നൽകിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർക്ക് അന്നദാനവും നൽകി.
“ഈ മനോഹരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അനുകമ്പയിൽ വേരൂന്നിയ ഭക്തി കൂടുതൽ പ്രകാശിക്കുന്നു. നമ്മുടെ ക്ഷേത്ര പാരമ്പര്യങ്ങളിലേക്ക് ഒരു യാന്ത്രിക ആനയെ സ്വാഗതം ചെയ്യുന്നത് ദയയുടെയും, നവീകരണത്തിന്റെയും, സംസ്കാരത്തിന്റെയും ആഘോഷമാണ്,” പീപ്പിൾ ഫോർ കാറ്റിൽ ഇൻ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ തൃഷ പറഞ്ഞു.
മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ തുടങ്ങി യാതൊരു വിധത്തിലുമുള്ള മൃഗ ഉത്പന്നങ്ങളില്ലാത്ത രുചികരമായ സസ്യാധിഷ്ഠിത വിഭവങ്ങൾ അടങ്ങിയ വീഗൻ ഭക്ഷണമാണ് സദ്യക്ക് നൽകിയത്.