ആമ്പല്ലൂർ:ശക്തമായ മഴയിൽ അളഗപ്പനഗർ പഞ്ചായത്തിലെ പച്ചളിപ്പുറം പൂക്കോട് ഭാഗത്ത് പടുക്കപ്പറമ്പ് തടയണയ്ക്ക് സമീപം വലിയതോടിൻ്റെ ബണ്ട് തകർന്ന് വ്യാപക കൃഷി നാശം. തോട് ഗതിമാറിയൊഴുകിയതോടെ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ജാതിയും തെങ്ങും കവുങ്ങുകളും കടപുഴകി. ചീരമ്പത്ത് രാമചന്ദ്രൻ, പതിയാരപ്പാട്ട് വത്സല എന്നിവരുടെ പറമ്പുകളിലാണ് കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലാണ് പീച്ചി ഇടതുകര കനാലിലേക്ക് എത്തുന്ന വലിയ തോടിന്റെ വശം തകർന്നത്. മഴ ശക്തമായാൽ തോടിന്റെ കൂടുതൽ വശങ്ങൾ തകരാനും സാധ്യതയുണ്ട്. നിലവിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളം വട്ടണാത്ര പാടശേഖരത്തിലേക്കാണ് എത്തുന്നത്. നീരൊഴുക്ക് കൂടിയാൽ പാടശേഖരത്തിൻ്റെ താഴ്ന്ന പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. തോടിൻ്റെ കുറച്ചുഭാഗങ്ങൾ കയർഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചുവെങ്കിലും അപകടാവസ്ഥയിലായ ഭാഗത്ത് നിർമാണ പ്രവൃത്തി നടത്താത്തതാണ് പ്രശനത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. ഉടൻ ബണ്ട് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.