വാൽപ്പാറ:വാൽപ്പാറയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച രണ്ട് തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ആനക്കൊമ്പുകൾ അനധികൃതമായി വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലയാണ് പ്രതികൾ തമിഴ്‌നാട് വനം വകുപ്പിൻ്റെ പിടിയിലായത്. വാൽപ്പാറയ്ക്കടുത്ത് തൈമുടി എൻസി പ്രദേശത്തെ മണികണ്ഠൻ (47), രാജ (39), ദേവബാല (31) എന്നിവരാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് ഏകദേശം അഞ്ച് അടി നീളമുള്ള രണ്ട് കൊമ്പുകൾ പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് വനം വകുപ്പ് ജീവനക്കാരുടെ ബന്ധം പുറത്ത് വന്നത്. തുടർന്ന് അയ്യർപടി ബീറ്റിലെ താൽക്കാലിക ജീവനക്കാരായ പ്രേമദാസ് (29), രാമൻ (35) എന്നിവരെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2021-ൽ സമാനമായ കേസിൽ മണികണ്ഠൻ പിടിയിലായിരുന്നു.