മാള:തിരുമുക്കുളം എൻഎസ്എസ് കരയോഗത്തിൻ്റെ സഹകരണത്തോടെ ഐശ്വര്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച യോഗദിനാചരണപരിപാടിക്കിടെ തർക്കം.
ഭാരതാംബ കാവിക്കൊടി പിടിച്ച ചിത്രം വെച്ചതാണ് തർക്കത്തിനിടയാക്കിയത്. മാറ്റണമെന്ന് ഒരു വിഭാഗവും മാറ്റില്ലെന്ന് മറുഭാഗവും നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നമായത്. കരയോഗം ഹാളിൽ ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
പരിപാടിയിൽ പ്രസംഗിക്കാൻ ആർഎസ്എസ് നേതാക്കളും ഉണ്ടായിരുന്നു. ആർഎസ്എസ് ജില്ലാ നേതാവ് കെ.സി. നടേശൻ പങ്കെടുക്കാനെത്തിയിരുന്നു. കുട്ടികൾക്ക് പഠനോപകരണ വിതരണവും ആദരവും ഒരുക്കിയിരുന്നു. തർക്കത്തെത്തുടർന്ന് പോലീസ് പരിപാടി നിർത്തിവെപ്പിച്ചു. സംഘാടകർ ചടങ്ങ് ഉപേക്ഷിച്ചു. സൊസൈറ്റിയുമായി ബന്ധപ്പെട്ടവരാണ് ഭാരതാംബയുടെ ചിത്രം വച്ചത്.
കരയോഗവുമായി ബന്ധപ്പെട്ടവർ മന്നത്ത് പത്മനാഭന്റെ ചിത്രം തൊട്ടടുത്ത് വച്ചെന്നും ഇതിനെതിരെ ഒരു വിഭാഗം തർക്കിച്ച് പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും എൻഎസ്എസിന് ഇതുമായി ബന്ധമില്ലെന്നും കരയോഗം പ്രസിഡൻ്റ് ഇ.കെ. മോഹനൻ പറഞ്ഞു.
അതേസമയം എൻഎസ്എസ് കൂടി ചേർന്ന് സംഘടിപ്പിച്ച യോഗദിനാചരണത്തിലെ അധ്യക്ഷൻ കൂടിയായ കരയോഗം പ്രസിഡന്റ് ഭാരതാംബയുടെ ചിത്രം മാറ്റാൻ കഴിയില്ലെന്നും സൊസൈറ്റിയുടെ ആവശ്യപ്രകാരമാണ് വെച്ചതെന്നുമുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് വാർഡ് കരയോഗം അംഗം കൂടിയായ നന്ദിതാ വിനോദ് പറഞ്ഞു.
സൊസൈറ്റിയാണ് ഭാരതാംബയുടെ ചിത്രം വച്ചതെന്നും തർക്കമുണ്ടായപ്പോൾ മാറ്റാമെന്ന് അറിയിച്ചെങ്കിലും എൻഎസ്എസിലെ ഒരു വിഭാഗം എതിർത്തെന്നും ഐശ്വര്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രജനി പ്രതീഷ് പറഞ്ഞു.


