പിണറായി വിജയനെ വേദിയിലിരുത്തി പുകഴ്ത്തി സ്വാഗതപ്രസംഗകന്‍, കുറിപ്പു കൊടുത്ത് തടിയൂരി സംഘാടകർ. തിരുവനന്തപുരത്ത് നടന്ന പി.എന്‍ പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങിലായിരുന്നു സംഭവം.

മുഖ്യമന്ത്രിക്ക് സ്വാഗതംപറഞ്ഞ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ലെജൻഡ് എന്നും വരദാനമെന്നുമെല്ലാം മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച സ്വാഗതപ്രസംഗകന്‍ പിണറായിയെ പാവങ്ങളുടെ അത്താണിയെന്നും പുകഴ്ത്തി.
പുകഴ്ത്തല്‍ നീണ്ടുപോകുകയും മുഖ്യമന്ത്രിക്ക് ഇതിനോടുള്ള നിലപാടിൽ ആശങ്ക ഉയരുകയും ചെയ്തതോടെയാണ് സംഘാടകര്‍ ഇടപെട്ടത്. പ്രസംഗം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കുറിപ്പ് പ്രസംഗപീഠത്തിലെത്തിച്ചു. ഇതോടെ സ്വാഗതപ്രസംഗകന്‍ ട്രാക്ക് മാറ്റി പ്രസംഗം ഉപസംഹരിച്ച് തടിരക്ഷിച്ചു.


