സൂപ്പർതാരം ലയണല്‍ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ 13 മുതല്‍ 15 വരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദർശിക്കും. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

അതേസമയം, അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരു വർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാൻ സ്ഥിരീകരിച്ചിരുന്നു. 130 കോടിയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ ക്ളിയറായാല്‍ അർജന്റീന ഫുട്ബാള്‍ അസോസിയേഷൻ കളി നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതിന് മുമ്പ് കേരളത്തിലെ വേദി പരിശോധിക്കാൻ അർജന്റീന ഫുട്ബാള്‍ അസോസിയേഷൻ പ്രതിനിധികളെത്തും. തിരുവനന്തപുരം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് പദ്ധതി. കൊച്ചിയിലോ മലബാറിലോ ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുചടങ്ങ് സംഘടിപ്പിക്കാനും ശ്രമമുണ്ട്.