കൊടുങ്ങല്ലൂർ: തീരദേശത്ത് കടലാക്രമത്തെ തുടർന്ന് നിരവധി വീടുകളിൽ വെള്ളംകയറി. കടൽവെള്ളം കയറാതിരിക്കാൻ മണപ്പാട്ട്യാൽ കാപ്പുറത്ത് ജെസിബി ഉപയോഗിച്ച് തീർത്ത വലിയ മണൽത്തിട്ട തിരമാലകൾ തകർത്തു. എറിയാട് മണപ്പാട്ടുചാൽ ദുബായ് റോഡ് ബീച്ച്, തട്ടുകടവ് കടപ്പുറം, ശ്രീകൃഷ്‌ണ മുഖം കടപ്പുറം എന്നിവിടങ്ങളിലാണ് ചൊവ്വാഴ്‌ചയും കടൽക്ഷോഭം അനുഭവപ്പെട്ടത്. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയ ദുബായ് റോഡ് ബീച്ചിൽ കടൽക്ഷോഭം തുടരുകയാണ്. പലയിടത്തും നൂറ് മീറ്ററിലേറെ കടൽവെള്ളം കിഴക്കോട്ട് കയറി, പൊയിലു വരെ എത്തി. തകർന്ന കടൽ ഭിത്തികൾ കടന്നും ജിയോ ബാഗ് തടയണകൾ തകർത്തുമാണ് കടൽ കരയിലേക്ക് കയറുന്നത്. കടൽ പതംചാഞ്ഞ എറിയാട് ചന്ത കടപ്പുറം മുതൽ എടവിലങ്ങ് കാര കടപ്പുറം വരെ കടലേറ്റം രൂക്ഷമല്ല. കുഴിപ്പൻ തിരമാലകൾ കടൽ തീരം കവരുന്ന പ്രതിഭാസത്തിനു പിന്നലെയാണ് കടലാക്രമണവും ഉണ്ടായത്.


