തൃശൂരിൽ വനംഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തൽ
തൃശൂരിൽ മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജയിൽ ശിക്ഷ അനുഭവിച്ചവർ യഥാർത്ഥത്തിൽ കഴിച്ചത് പോത്തിറച്ചിയാണെന്ന് കണ്ടെത്തൽ. 35 ദിവസമാണ് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും ജയിലിൽ കഴിഞ്ഞത്. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.എന്നാൽ തൃശൂർ മുപ്ലിയം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി അല്ല പോത്തിറച്ചിയാണെന്ന പരിശോധനാ ഫലം ലഭിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ 30നാണ് ഒന്നാം പ്രതിയായ ജോബിയുടെ വീട്ടിൽ നിന്നും ഇത്തരത്തിൽ ഇറച്ചി പിടിക്കുന്നത്. തുടർന്ന് ജോബിയുടെ മൊഴി പ്രകാരമാണ് രണ്ടാം പ്രതിയെ കൂടി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ വീട്ടിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം തങ്ങൾക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തൽ പരിശോധനയ്ക്ക് എത്തിതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഡാൻസാഫ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇറച്ചി സംഘത്തിന് ലഭിക്കുന്നത്.
ഈ വിവരം ഇവർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും മറ്റ് പരിശോധനകൾ ഒന്നും നടത്താതെ ഇത് മ്ലാവിന്റെ ഇറച്ചിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജോബിയെയും, ജോബിയുടെ മൊഴി പ്രകാരം സുജീഷിനെയും അറസ്റ്റ് ചെയ്തതു. അറസ്റ്റിന് ശേഷം 35 ദിവസത്തോളം ഇവർ റിമാൻഡിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഇവർക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനും ആറ്മാസത്തിന് ശേഷമാണ് ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയ ഇറച്ചി മ്ലാവിന്റേതല്ല പോത്തിന്റെതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.


