കൊടുങ്ങല്ലൂർ
നൂറ്റാണ്ടുകൾ പഴക്കമുള്ള മാളയിലെ ജൂതപ്പള്ളിയുടെ മേൽക്കൂര കനത്ത മഴയിൽ തകർന്നു. ബുധൻ രാത്രി പെയ്‌ത മഴയിലാണ് പള്ളിയുടെ ഓടിട്ട മേൽക്കൂര തകർന്നു വീണത്. വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിലുള്ള മുസിരിസ് പൈതൃകപദ്ധതിയുടെ സംരക്ഷണയിലാണ് പള്ളി. പുരാവസ്‌തു വകുപ്പ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ മേൽക്കൂര പൂർവസ്ഥിതിയിലാക്കും. പുരാവസ്‌തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ വെള്ളിയാഴ്‌ച പള്ളി സന്ദർശിക്കും. ഇവിടെ ജ്യൂ കമ്യൂണിറ്റി സെൻ്റർ ആൻഡ് മ്യൂസിയം ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. എഡി 10–ാം നൂറ്റാണ്ടിൽ നിർമിച്ചതായി കരുതുന്ന പള്ളി കാലക്രമേണ ജീർണാവസ്ഥയിലായതിനെത്തുടർന്ന് 1790—ൽ പുതുക്കിപ്പണിതു. ഇസ്രയേൽ രാജ്യത്തിൻ്റെ രൂപീകരണത്തെത്തുടർന്ന് മാളയിലെ ജൂത കുടുംബങ്ങൾ ഇസ്രായേലിലേക്ക് തിരിച്ചു പോകാൻ തുടങ്ങി. അവസാനത്തെ ജൂത കുടുബം 1955–ൽ തിരിച്ചു പോയതോടെ മാള പഞ്ചായതിന്റെ സംരക്ഷണയിലായിരുന്നു പള്ളി. പിന്നീടാണ് മുസിരിസ് പൈതൃക പദ്ധതി സംരക്ഷണം ഏറ്റെടുക്കുന്നത്. തകർന്ന മേൽക്കൂര പൂർവസ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുസിരീസ് പൈതൃക പദ്ധതി അധികൃതർ അറിയിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ. ജില്ലാ പഞ്ചായത്തംഗം പി കെ ഡേവീസ്, മാള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ടി പി രവീന്ദ്രൻ, സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് എന്നിവർ ജൂതപ്പള്ളി സന്ദർശിച്ചു.


