ഇരിങ്ങാലക്കുട:നിക്ഷേപ തട്ടിപ്പ് നടത്തിയ വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ— ഓപ്പറേറ്റിവ് സൊസൈറ്റി മുൻ ചെയർമാനെ പൊലിസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാറി (45) നെയാണ് റൂറൽ ജില്ലാ പൊലിസ് മേധാവി ബി കൃഷ്‌ണകുമാറിൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട പൊലിസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്‌തത് ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കൂടുതൽ പലിശ വാഗ്ദനം നൽകി കോടിക്കണക്കിന് രൂപ സ്ഥിര നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. പലിശയും നിക്ഷേപ തുകയും മടക്കി നൽകാത്തതിനെ തുടർന്ന് നിരവധി നിക്ഷേപകർ പൊലിസിന് പരാതി നൽകി. ജില്ലയിൽ ഫാമുകൾ പാട്ടത്തിനെടുത്ത് ലാഭമുണ്ടാക്കി ലാഭവിഹിതം നിക്ഷേപകർക്ക് നൽകാമെന്നും വാഗ്ദാനം ചെയ്‌തിരുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ സജിഷ്‌കുമാറിനെതിരെ ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷനിൽ പതിനഞ്ചും കുന്നംകുളത്ത് ആറും തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ 11 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ സ്ഥാപനത്തിൻ്റെ മാനേജർ മുട്ടിത്തടി സ്വദേശിനി അറയ്ക്കൽ ജീവലതയെ റിമാൻഡ് ചെയ്‌തിരുന്നു ഇൻസ്പെക്ടർ എം എസ് ഷാജൻ, എസ്ഐമാരായെ കെ പി പ്രസന്നകുമാർ, മുഹമ്മദ് റാഫി, എഎസ്ഐ ടി കെ ഷാബു, എസ്‌സിപിഒ സി എം അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.


