കൊടുങ്ങല്ലൂർ:ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപാടം സ്വദേശി കാരനാട്ട് വീട്ടിൽ ശ്രീജിത്ത് (മണിയൻ, 50), പെരിഞ്ഞനം മുത്താൻപറമ്പിൽ വീട്ടിൽ ദിൽജിത്ത് (18) എന്നിവരെയാണ് കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡിവൈഎഫ്ഐ പെരിഞ്ഞനം മേഖലയിലെ കൊറ്റംകുളം യൂണിറ്റ് കമ്മിറ്റി അംഗം ജിനേഷ്, സെൻ്റർ യൂണിറ്റ് കമ്മിറ്റി അംഗം മണികണ്ഠൻ എന്നിവരെയാണ് കഴിഞ്ഞ എട്ടിന് രാത്രിയിൽ ആക്രമിച്ചത്. കാരണത്ത് ശ്രീജിത്ത്, മുത്താംപറമ്പിൽ ദിൽജിത്ത്, തൃപ്പുണത്ത് അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ലഹരി വിൽപ്പനയ്ക്ക് വന്ന വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയതിനെ ചോദ്യംചെയ്‌തപ്പോഴാണ് ആക്രമണം നടത്തിയത്. പെരിഞ്ഞനം ചക്കരപ്പാടം കൊറ്റംകുളം പ്രദേശം കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ സംഘത്തിൻ്റെ പ്രവർത്തനം. സംഭവത്തിൽ ഡിവൈഎഫ്‌ഐ പെരിഞ്ഞനം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളായ ശ്രീജിത്തിൻ്റെ പേരിൽ മതിലകം സ്റ്റേഷനിൽ നാല് അടിപിടിക്കേസും വലപ്പാട് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് രണ്ട് കേസുമടക്കം 14 കേസുകൾ ഉണ്ട്. ദിൽജിത്തിൻ്റെ പേരിൽ കയ്‌പമംഗലത് സ്റ്റേഷനിൽ ഒരു വധശ്രമക്കേസുമുണ്ട്. കയ്‌പമംഗലം ഇൻസ്പെക്ടർ കെആർ ബിജുവിൻ്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.


