നിരവധിയായ സൗജന്യ സേവനങ്ങളുടെ കലവറ ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ എന്റെ കേരളം പ്രദർശന വിപണമേള. കേരള സംസ്ഥാന ഐ ടി മിഷന്റെ അക്ഷയ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളാണ് മേളയിൽ എത്തുന്നവർക്ക് സൗജന്യ സേവനങ്ങൾ നൽകുന്നത്.
അക്ഷയ ഒരുക്കിയ സ്റ്റാളിൽ ആധാറിലെ വിലാസം പുതുക്കൽ, ബയോമെട്രിക് വിവരങ്ങളുടെ അപ്ഡേഷൻ, കുട്ടികളുടെ ആധാർ എൻറോൾമെന്റ്, റേഷൻ കാർഡിലെ തിരുത്തലുകൾ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. കുട്ടികളുടെ ആധാർ എൻറോൾമെന്റ് നടത്തുന്നതിനായി രക്ഷിതാക്കളുടെ ആധാർ കാർഡും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും കൊണ്ടുവരേണ്ടതാണ്. അഞ്ചു വയസ്സ്, പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡ് പുതുക്കുന്നതിനുള്ള സൗകര്യവും എന്റെ കേരളം പ്രദർശന മേളയിലെ അക്ഷയ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വാഹന പരിശോധനയിൽ ഇ-ചലാൻ ലഭിച്ച വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാനുള്ള അവസരം മേളയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വകുപ്പിന്റെ കീഴിൽ വരുന്ന പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് സംശയനിവാരണം നടത്തുവാനുള്ള അവസരവും ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ നിന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സ്റ്റാളിൽ നിന്നും കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ നടത്തി കരിയർ കൗൺസിലിങ് നൽകും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്റ്റാളിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സ്വയംതൊഴിൽ ആരംഭിക്കാനുള്ള ലോൺ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാണ്. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കലിനായി എംപ്ലോയ്മെന്റ് കാർഡ് കൈയിൽ കരുതണം.
ആരോഗ്യവകുപ്പിന്റെ പവലിയനിൽ ആശുപത്രി സന്ദർശനവും ചികിത്സയും കൂടുതൽ എളുപ്പവും സുഗമമാക്കുവാൻ സഹായകമായ ഏകീകൃത ആരോഗ്യ ഐഡൻ്റിറ്റി കാർഡ് സൗജന്യമായി വിതരണം ചെയ്യുന്നു. ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും നിർണ്ണയവും, സ്ത്രീകളിലെ വിളർച്ചാ പരിശോധനയും സൗജന്യമായി ലഭിക്കും. പ്രദർശനമേളയോടനുബന്ധിച്ച് ആംബുലൻസും ഡോക്ടറുമടങ്ങിയ ഒരു മെഡിക്കൽ ടീമും എല്ലാ ദിവസവും വേദിയിൽ സജ്ജമാണ്.
യു ഡി ഐ ഡി കാർഡ് രജിസ്ട്രേഷൻ, പ്രശ്ന പരിഹാര സെൽ, ഉച്ചക്ക് രണ്ട് മുതൽ അഞ്ചു വരെ ഡോക്ടർ സേവനം, സൗജന്യ ബി പി പരിശോധന, കരിയർ കൗൺസിൽ ഉൾപ്പെടെ നിരവധി സേവനങ്ങൾ സാമൂഹ്യ നീതി വകുപ്പ് പവലിയനിൽ ഉറപ്പാക്കിയിട്ടുണ്ട്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മണ്ണു പരിശോധന യൂണിറ്റും വിളയിലെ കീടബാധിത കണ്ടെത്താനുള്ള പ്ലാന്റ് ഹെൽത്ത് ക്ലിനിക്കും ജലസേചന വകുപ്പ് സൗജന്യ കുടിവെള്ള പരിശോധനയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.


