ചേർപ്പ്: കോൾച്ചാലിലെ ചണ്ടി നീക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കർണാടക ചാമരാജ നഗർ ജില്ലയിൽ കൊല്ലെഗൽ താലൂക്ക് കൗഡഹള്ളി സ്വദേശി എം കാർത്തിക (34) ആണ് മരിച്ചത്. ശനിയാഴ്‌ച പകൽ മുന്നരയോടെയാണ് സംഭവം. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ബാർജിൽ ഘടിപ്പിച്ച മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് പള്ളിപ്പുറം തൊള്ളായിരം പടവിൽ പുത്തൻ ചാലിന്റെ ഭാഗമായ ഉൾച്ചാലിലെ ചണ്ടി നീക്കുന്നതിനിടെ ബാർജ് സഹിതം തല കീഴായി മറിയുകയായിരുന്നു മണ്ണു മാന്തി യന്ത്രം പൂർണമായി വെള്ളത്തിലും ചെളിയിലും മുങ്ങിപ്പോയി. കാർത്തിക അതിനടിയിൽപ്പെട്ടു. ചാലിൻ്റെ ബണ്ടിന് മുകളിൽ നിന്ന് പ്രവർത്തിച്ചിരുന്ന മറ്റൊരു മണ്ണുമാന്തി യന്ത്രത്തിൻ്റെ ഓപ്പറേറ്റർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേന യൂണിറ്റും സ്ഥലത്തെത്തി. മറ്റൊരു വലിയ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി എട്ടരയോടെ ചാലിൽ മുങ്ങിപ്പോയ യന്ത്രം ഉയർത്തി മൃതദേഹം പുറത്തെടുത്തു ചേർപ്പ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.