തൃശൂർ:തൃശൂർ തൊഴിൽപൂരം വഴി ആദ്യഘട്ടം ജോലി ലഭിച്ചത് 1246 പേർക്ക്. 613 പേർക്ക് ഓൺലൈൻ അഭിമുഖത്തിലൂടെയും 633 പേർക്ക് തൊഴിൽമേളയിലൂടെയും ജോലി ലഭിച്ചെന്ന് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2636 പേർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 4,330 ഉദ്യോഗാർഥികളാണ് തൊഴിൽ പൂരത്തിൽ പങ്കെടുത്തത്. മെയിൽ തൃശൂർ തൊഴിൽപൂരത്തിനു തിരശ്ശീല വീഴുമ്പോൾ ചുരുങ്ങിയത് 20,000 പേർക്കെങ്കിലും ജോലി നൽകുന്നതിനുള്ള ദൗത്യം പൂർത്തിയാവും. മെയ് 18 മുതൽ 24 വരെ തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ തൊഴിൽപൂരം സംഘടിപ്പിക്കുന്നുണ്ട്. ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർ ചെയ്‌ത തൊഴിൽ അന്വേഷകർക്ക് മേളയിൽ പങ്കെടുക്കാം. മേളയിൽ പങ്കെടുത്ത് തൊഴിൽ ലഭിക്കാത്തവർക്കും ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കും മേളയിൽ പങ്കെടുക്കാൻ അവസരമുണ്ട്. മെയ് 24ന് ഗൾഫിലേക്കുള്ള റിക്രൂട്ട്മെൻ്റ് നടക്കും. ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ, മെയ്‌സൺ, അക്കൗണ്ടന്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഇതുസംബന്ധിച്ച് നോർക്കയും ഒഡിഇപിസിയുമായി ചർച്ചകൾ നടന്നുവരികയാണ്. വരും ദിവസങ്ങളിൽ ഗൾഫിലെ തൊഴിൽ ദാതാക്കളുമായി വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തും. രണ്ടാഴ്‌ചയ്ക്കുള്ളിൽ
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രാദേശിക തൊഴിലുകൾ കണ്ടെത്തുന്നതിനുള്ള ടീമിന് രൂപം നൽകും. പ്രാദേശിക തൊഴിലെടുക്കാൻ യോഗ്യതയുള്ള വീട്ടമ്മമാരെ കണ്ടെത്താൻ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഡിആർപിമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിക്കും. മെയ് മൂന്നാം വാരം പ്രദേശിക ജോലികൾക്കായുള്ള തൊഴിൽമേളകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ജോലിക്ക് തെരഞ്ഞെടുക്കുന്നവർക്കുള്ള നൈപുണി പരിശീലനം ജൂണിൽ നൽകും. വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, വിജ്ഞാന കേരളം ഡയറക്ടർ ഡോ. പി സരിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.