തൃശൂർ പൂരത്തിരക്ക് ഒഴിവാക്കി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും മതിൽക്കെട്ടിന് മുകളിലൂടെ താൽക്കാലിക റാമ്പ് ഒരുങ്ങുകയാണ്. ഈ വഴി കടന്ന് ഇലഞ്ഞിത്തറ മേളമുൾപ്പടെ കാണാം. പൂരദിവസത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ബോർഡിന് ദുരന്ത നിവാരണ അതോറിറ്റി ആറുവർഷം മുമ്പാണ് നിർദേശം നൽകിയത്. സ്ത്രീ സുരക്ഷ കൂടി പരിഗണിച്ചാണ് റാമ്പ് നിർമിക്കുന്നത്. ഗോപുരനട വഴി ആനകളും മേളക്കാരുമെല്ലാം കടക്കുമ്പോൾ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത് പരിഹരിക്കാനാണ് റാമ്പ് നിർമിക്കുന്നത്. പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തിന് ഇടത് വശത്തും കിഴക്കേഗോപുരനടക്ക് സമീപവുമാണ് റാമ്പ് നിർമിക്കുന്നത്. ക്ഷേത്രഗോപുര നടവഴിയിലൂടെ മാത്രം കയറുകയും ഇറങ്ങുകയും ചെയ്താൽ കൂടുതൽ വൻതിരക്ക് അനുഭവപ്പെടുന്നതിനാലാണ് റാമ്പ് നിർമിക്കുന്നത്. പടിഞ്ഞാറെ നടയിലെ റാമ്പിലൂടെ അകത്ത് പ്രവേശിക്കാനും കിഴക്കേ നടയിലൂടെ തിരിച്ച് പുറത്തിറങ്ങാനും കഴിയും. ഇത് കൂടാതെ വിഐപി ഗ്യാലറി, മാധ്യമ ഗ്യാലറി,പൊലീസ് കൺട്രോൾ റൂം തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളും തേക്കിൻകാട് മൈതാനിയിൽ പുരോഗമിക്കുകയാണ്.