റഷ്യൻ മരണക്കുരുക്ക് കടന്ന് ജയിനെത്തി.തെക്കുംകരയിലെ തെക്കേമുറി വീട്ടിലെത്തി. മകനെ കണ്ടതോടെ അമ്മ ജെസി ഓടിയെത്തി നെഞ്ചൊടുചേർത്തു. അച്ഛൻ കുര്യൻ്റെ മുഖത്തും ബന്ധുക്കളിലുമെല്ലാം ആശ്വാസം. വ്യാഴം പകൽ 3.17നാണ് ജയിൻ വീട്ടിലെത്തിയത്. പക്ഷെ ജയിനിനൊപ്പം റഷ്യയിലേക്ക് പോയ ബന്ധു ബിനിലിനെക്കുറിച്ച് ഓർത്ത് അവരുടെ നെഞ്ചുപിടഞ്ഞു. നയതന്ത്രക്കുരുക്കിൽപ്പെട്ട് ജയിന്റെ തിരിച്ചുവരവ് പ്രതിസന്ധിയിലായിരുന്നു. നോർക്ക വഴി സംസ്ഥാന സർക്കാരും കെ രാധാകൃഷ്ണൻ എംപി, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവരും വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിനെ തുടർന്നാണ് നാട്ടിലേക്കുള്ള വഴിതുറന്നത്. യുദ്ധത്തിനിടെ ഡ്രോൺ പൊട്ടിത്തെറിച്ചാണ് ജയിനിന് ഗുരുതര പരിക്കേറ്റത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ ജീവൻ നഷ്ടമായില്ല. ആന്തരിക രക്തസ്രാവമുണ്ടായി. രണ്ട് ഓപ്പറേഷൻ നടത്തി. മോസ്കോ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രി വിട്ടാൽ കരാർ പുതുക്കി സൈനിക ക്യാമ്പിലേക്ക് വിടുമെന്ന സൂചന ലഭിച്ചതോടെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് ജയിൻ വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു. വിവരമറിഞ്ഞ് സർക്കാർ വീണ്ടും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. നോർക്ക
ഉദ്യോഗസ്ഥർ പ്രൊട്ടക്ട് ജനറൽ ഓഫ് എമിഗ്രൻസ് ജോയിൻ്റ് സെക്രട്ടറിക്ക് വീഡിയോ സന്ദേശം അയച്ചു. റഷ്യൻ മലയാളി അസോസിയേഷനും ഇടപ്പെട്ടു. തുടർന്നാണ് മോചനം സാധ്യമായത്. നാട്ടിലെത്താനായി സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ജയിൻ പറഞ്ഞു. ആശുപത്രിയിൽനിന്ന് ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കരുതിയത്. ഇതിനിടെ ഇന്ത്യൻ എംബസിയുടെയും മലയാളി അസോസിയേഷൻ്റെയും സഹായത്തോടെ ഡൽഹിയിലേക്ക് വിമാനം കയറ്റിവിടുകയായിരുന്നു. വ്യാഴം പുലർച്ചെ 5ന് ഡൽഹിയിലെത്തി വീട്ടിലേക്ക് വിളിച്ചു. വീട്ടുകാർ പണം അയച്ചുകൊടുത്തതിനെ തുടർന്നാണ് നെടുമ്പാശേരിയിലേക്ക് കയറിയത്. അച്ഛൻ കുരിയനും ബന്ധു സനീഷും നെടുമ്പാശേരിയിൽ എത്തിയിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം ജയിനിന്റെ വീട്ടിലെത്തിയിരുന്നു. പിതൃസോഹദരൻ ജോണിന്റെ മകൾ ജോയ്‌സിയുടെ ഭർത്താവ് ബിനിലുമൊന്നിച്ചാണ് ജയിൻ ഒരു വർഷം മുമ്പ് റഷ്യയിലേക്ക് പോയത്. എന്നാൽ ജനുവരി നാലിനുണ്ടായ ഏറ്റുമുട്ടലിൽ ബിനിൽ കൊല്ലപ്പെട്ടിരുന്നു. മൃതദേഹം ഇതുവരെയും നാട്ടിലെത്തിക്കാനായിട്ടില്ല.


