പാലക്കാട്: ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരിൽ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്.
ഇവർ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരിൽ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണിൽ വിളിച്ചുനോക്കി. ഇരുവരും മൊബൈൽ ഫോൺ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാർക്ക് മനസിലായത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അത്യാവശ്യത്തിന് പണം ഇരുവരുടെയും കൈവശമുണ്ട്.