ആമ്പല്ലൂർ:വെണ്ടോരിൽ മൂന്നുവയസ്സുകാരിയുടെ മരണകാരണം ഭക്ഷ്യവിഷ ബാധയെന്ന് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമിപം കല്ലുക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച പുലർച്ചെ മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് നെടുമ്പാശേരിയിലെത്തിയ ഹെൻട്രിയെ കൊണ്ടുവരാൻ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും പോയിരുന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. കുടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇഞ്ചക്ഷൻ എടുത്ത് മടങ്ങി, വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത തുടർന്നതിനാൽ ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു തിങ്കളാഴ്‌ച പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.