വരന്തരപ്പിള്ളി:പാലപ്പിള്ളി കാരികുളത്ത് കൂട്ടംതെറ്റിയെത്തിയ കാട്ടാന ഭീതിപരത്തി. ചൊക്കന റോഡിൽ കാരികുളം ഡിസ്പെൻസറിക്ക് സമീപത്തെ തെങ്ങിൻ തോട്ടത്തിലാണ് ആനയെത്തിയത്. റോഡിനോട് ചേർന്നുള്ള പറമ്പിൽ മണിക്കൂറുകളോളം ആന നിലയുറപ്പിച്ചു. വനപാലകരും നാട്ടുകാരും ചേർന്ന് വൈകിട്ടോടെ ആനയെ കാടുകയറ്റി. ജനവാസ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. വേനൽ കടുത്തതോടെ നാട്ടിലിറങ്ങുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.