Friday, May 2, 2025
HomeThrissur Newsമുഴുവൻ വീടുകൾക്കും മേൽക്കൂര സ്ഥാപിക്കും; സുനാമി ഉന്നതി നിവാസികൾക്ക് കളക്ടറുടെ ഉറപ്പ്
spot_img

മുഴുവൻ വീടുകൾക്കും മേൽക്കൂര സ്ഥാപിക്കും; സുനാമി ഉന്നതി നിവാസികൾക്ക് കളക്ടറുടെ ഉറപ്പ്

തളിക്കുളം പഞ്ചായത്തിലെ തീരദേശവാസികൾക്ക് ആശ്വാസ ഹസ്തവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.  മഴക്കാലത്ത് സുനാമി ഉന്നതിയിലെ വീടുകളിലെ മേൽക്കൂരകളിൽ വിള്ളലുണ്ടാകുന്നത് മൂലം ദുരിതത്തിലാണ് നാട്ടുകാർ. ഇത് മൂലം ചോർച്ച, ഷോർട്ട് സർക്യൂട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നു. സ്ഥലത്തെ വീടുകൾക്ക് അടിയന്തരമായി ഷീറ്റ് ഇട്ടു നൽകണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന്  കളക്ടർ ഉറപ്പ് നൽകി.

സുനാമി ഉന്നതിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ നടത്തിയ സന്ദർശനത്തിലാണ് നാട്ടുകാർ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയത്.  നേരത്തെ, ഉന്നതിയുടെ ശോചനീയാവസ്ഥ പഞ്ചായത്തും പ്രദേശവാസികളും ചൂണ്ടിക്കാട്ടിയിരുന്നു.  

കക്കൂസ് മാലിന്യമടക്കമുള്ളവയ്ക്കും പരിഹാരം വേണമെന്ന് നിവാസികൾ കളക്ടറോട് ആവശ്യപ്പെട്ടു. ഉന്നതിയിൽ മാലിന്യനിർമാജനത്തിന് മാലിന്യ പ്ലാന്റും ഉന്നതി നിവാസികൾക്ക് ഒത്തുചേരുന്നതിനായി കമ്മ്യൂണിറ്റി ഹാളും വേണമെന്നും ആവശ്യമുണ്ട്.

പ്രസവാവശ്യത്തിനായി വീട് വിട്ടു നിന്നതിനാൽ വീട്ടിലേക്കുള്ള കറന്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ട പൊറ്റയിൽ മഞ്ജുവിന് എത്രയും വേഗം കണക്ഷൻ പുന:സ്ഥാപിച്ച് നൽകുന്നതിന് നടപടിയെടുക്കാൻ കെ.എസ്.ഇ.ബിക്ക് കളക്ടർ നിർദ്ദേശം നൽകി.

2004-ലെ സുനാമിയിൽ ജില്ലയിലെ തീരദേശ മേഖലകളിലെ നാശനഷ്ടങ്ങൾ സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനായാണ് 2011ൽ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് സുനാമി ഉന്നതി നിർമ്മിച്ചത്. 40  വീടുകളിലായി 70-ഓളം പേരാണ് താമസിക്കുന്നത്.

ഉന്നതി നിവാസികളുടെ പ്രശ്‌നങ്ങൾ കേട്ടറിയുകയും വീടുകളിൽ കയറിയിറങ്ങി ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്ത ജില്ലാ കളക്ടർ പരാതികൾ എഴുതി വാങ്ങി. പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, പഞ്ചായത്തംഗം ഷാജി ആലുങ്ങൽ, ഡെപ്യൂട്ടി കളക്ടർ ആർ മനോജ്, ചാവക്കാട് തഹസീൽദാർ എം.കെ കിഷോർ, ഭൂരേഖ തഹസീൽദാർ വി.ബി ജ്യോതി, ഡെപ്യൂട്ടി തഹസീൽദാർ പി ഗീത, വില്ലേജ് ഓഫീസർ പി.എ ബാബു ഷമീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments