ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ അഞ്ചാം തോൽവി. കൊൽക്കത്ത എട്ട് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ നേടാനായുള്ളൂ. 104 റൺസ് വിജയലക്ഷ്യം 59 ബോളുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. ഒമ്പതാമനായി ഇറങ്ങിയ നായകന്‍ ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്‌നും രണ്ട് വീതം വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയുമാണ് ചെന്നൈയെ ചെപ്പോക്കില്‍ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ 41 നില്‍ക്കെ 23 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ടീം സ്‌കോര്‍ 85ല്‍ നില്‍ക്കെയാണ് സുനില്‍ നരെയ്ന്‍ പവലിയന്‍ കയറുന്നത്. പിന്നീടെത്തിയ നായകന്‍ അജിന്‍ക്യ രഹാനെയും റിങ്കു സിങും അനായാസം ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ചെന്നൈയ്ക്കായി അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.