തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് 24 ദിവസം മാത്രം ബാക്കിനിൽക്കേ, വെടിക്കെട്ടിലെ അനിശ്ചിതത്വം തീരുന്നില്ല. പുതിയ ചട്ടഭേദഗതി വന്നശേഷം നടക്കുന്ന ആദ്യ പൂരമായിട്ടും ഫലവത്തായ മുന്നൊരുക്കം ആരംഭിച്ചിട്ടില്ല. ദൂരപരിധിയിളവിന് അപേക്ഷിക്കാൻ കേന്ദ്രവുമായി കൂടുതൽ ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല.
ഈ മാസം ആദ്യം ഇത്തരമൊരു ചർച്ചയ്ക്കായി ഡൽഹിയിൽ പോകാമെന്ന നിർദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വെടിക്കെട്ട് നടത്താനുള്ള ശ്രമവും പാതിവഴിയിലാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി വിഷയം ചർച്ചചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്ന ദിവസങ്ങൾ കഴിഞ്ഞുപോയി. ഇക്കാര്യത്തിൽ പൂരം സംഘാടകരുമായി ആശയവിനിമയംപോലും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
പുതിയ ഭേദഗതികൾ പൂർണമായും പാലിക്കുന്ന രീതിയിൽവേണം വെടിക്കെട്ട് സംഘടിപ്പിക്കാൻ എന്ന നിയമോപദേശമേ ജില്ലാ ഭരണകൂടത്തിനു ലഭിക്കൂവെന്ന കാര്യം ഉറപ്പാണ്. വൈകിയാണ് ഇത്തരത്തിലൊരു നിയമോപദേശം ലഭിക്കുന്നതെങ്കിൽ ഇത് അനിശ്ചിതത്വം വർധിപ്പിക്കും.
തീരുമാനം നേരത്തേ വരണമെന്ന അഭിപ്രായമാണ് സംഘാടകർക്ക്. വെടിക്കെട്ടു നടത്തിപ്പിന് കോടതിയെ സമീപിക്കേണ്ട സ്ഥിതി ഉണ്ടാകുമോയെന്നും ഇവർ ആശങ്കപ്പെടുന്നു.