ചൂടിനെ ഒന്ന് ശമിപ്പിക്കാനായി ഇടയ്ക്കിടെ പെയ്യുന്ന മഴ നല്ലതാണ്. എന്നാൽ അതിന് പിന്നാലെ ചില അത്ഥികളും നമ്മുടെ വീട്ടിലേക്ക് എത്താറുണ്ട്. കൊതുകുകളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും കൊതുകുകളെ അത്രയ്ക്ക് നിസ്സാരക്കാരായി കാണരുത്. പലവിധ രോഗങ്ങലെയും കൊണ്ടാണ് ഇവയുടെ പറക്കൽ.
ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കൊതുകുകൾ കാരണം ആകും. അതുകൊണ്ട് തന്നെ ഇവയുടെ കടിയിൽ നിന്നും നാം സ്വയം സുരക്ഷ തേടിയേ മതിയാകൂ. കൊതുകുകളെ തുരത്താൻ പല മാർഗങ്ങളും പയറ്റാറുണ്ടാവും. കോയിലും ലിക്വിഡും ഒക്കെ ഉപയോഗിക്കുന്നവരാകും കൂടുതൽ. എന്നാൽ ഇവ പലതും വഴി വയ്ക്കുക പല മാരക രോഗങ്ങളിലേക്കാണ്. അതിനാൽ കൊതുകിനെ തുരത്താൻ നമുക്ക് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാം.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ആണ് കൊതുകുകളുടെ ആവാസ കേന്ദ്രം. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണം. വീട്ടിലോ പരിസരത്തോ വള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. അതുപോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്ത് അനാവശ്യമായി ചെടികൾ വളർന്ന് നിൽക്കുന്ന സന്ദർഭവും ഒഴിവാക്കണം.
കൊതുകെ വീട്ടിൽ നിന്നും തുരത്തനുള്ള നല്ല മാർഗ്ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം മുറിയിൽ തളിച്ചാൽ കൊതുക് വരില്ല.
നാരങ്ങ ഗ്രാമ്പൂ എന്നിവയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം മുറിയിൽ സ്പ്രേ ചെയ്യാം. ഇതും കൊതുകുകളെ അകറ്റി നിർത്തും. ഉണങ്ങിയ ആര്യവേപ്പിലയും കർപ്പൂരവും ഒന്നിച്ച് കത്തിച്ച് പുകയ്ക്കുന്നതും കൊതുക് ശല്യം തടയാൻ നല്ലതാണ്. കൊതുകിനെ തുരത്താൻ മുറിയിൽ പച്ചകർപ്പൂരം കത്തിച്ച് വയ്ക്കുന്നതും ഗുണം ചെയ്യും.