ചൂട് കൂടിവരികയാണ്. ഇടയ്ക്ക് തണുപ്പിക്കാൻ മഴയെത്തും എങ്കിലും പിറ്റേന്ന് തന്നെ തന്റെ എല്ലാ ശക്തിയും എടുത്ത് സൂര്യന്റെ റീ എൻട്രിയും ഉണ്ടാകും. അതുകൊണ്ടുതന്നെ എപ്പോഴും വെള്ളം കുടിക്കുക എന്നതിലാണ് കാര്യം. പക്ഷേ ദാഹം ശമിപ്പിക്കാൻ എപ്പോഴും വെള്ളം കുടിക്കാൻ മടിയായിരിക്കും പലർക്കും. അങ്ങനെ ഉള്ളവർ ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. എന്നാൽ ജ്യൂസും, ഷേയ്ക്കുമൊക്കെ വരുന്നതിനു മുമ്പ് ഉണ്ടായിരുന്ന ദാഹശമനിയാണ് സംഭാരം. നല്ല പച്ചമുളകും തൈരും കറിവേപ്പിലയുമൊക്കെയിട്ട് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഐറ്റം. സംഭാരത്തിന് ഇന്നും പ്രൗഢി വിട്ടു പോയിട്ടില്ല. ആ സംഭാരം ഇനി തൈരില്ലെങ്കിലും ഉണ്ടാക്കാം, കുറച്ചു പച്ചമാങ്ങ മതി പകരത്തിന്. എങ്ങനെയാണെന്ന് അല്ലേ ? നോക്കാം
ആവശ്യമായ ചേരുവകൾ
പച്ചമാങ്ങ
പച്ചമുളക്
ഇഞ്ചി
ചുവന്നുള്ളി
കറിവേപ്പില
വെള്ളം

തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പച്ചമാങ്ങ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് ഒരു പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് ചുവന്നുള്ളി, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക, അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അരിച്ചെടുക്കുക. തണുപ്പോടെ കുടിക്കണമെങ്കിൽ ഒരു ഗ്ലാസിൽ ഐസ് എടുത്ത് അതിലേയ്ക്ക് അരിച്ചെടുത്ത പച്ചമാങ്ങ ഒഴിച്ചെടുക്കാം.