ലഹരിക്കും മാലിന്യത്തിനും എതിരായി പറപ്പൂക്കര സ്‌ക്വാഡ് രൂപീകരിച്ചു
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും ലഹരിക്കും മാലിന്യത്തിനും എതിരായുള്ള പറപ്പൂക്കര സ്‌ക്വാഡ് രൂപീകരണവും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏവര്‍ക്കും മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
മാലിന്യത്തിനും ലഹരിക്കും എതിരായും വിജ്ഞാനകേരളം പദ്ധതിയുടെ വിജയത്തിനായുമാണ് 40 വയസ്സിനു താഴെയുള്ളവരെ ഉള്‍കൊള്ളിച്ചുകൊണ്ട് പറപ്പൂക്കര സ്‌ക്വാഡ് രൂപീകരിച്ചത്. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റര്‍ സി. ദിദിക ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യമുക്തം നവകേരളം ആശയത്തിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ക്ലീന്‍ ആന്‍ഡ് വിന്‍ പദ്ധതിയുടെ ഭാഗമായി വീടും പൊതു സ്ഥലവും വൃത്തിയാക്കി പഞ്ചായത്തിനൊപ്പം മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 3 പേര്‍ക്ക് ജില്ലാ കളക്ടര്‍ അവാര്‍ഡ്ദാനവും നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി കിഷോര്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. ഷൈജ ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, ബ്ലോക്ക് മെമ്പര്‍മാരായ റീന ഫ്രാന്‍സിസ്, കവിത സുനില്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. പ്രകാശന്‍, കെ.കെ. രാമകൃഷ്ണന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, അസി. സെക്രട്ടറി എം.എ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനചടങ്ങിനുശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ പദയാത്ര നടത്തി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ജാഥയില്‍ അണിനിരന്നു.
