തൃശ്ശൂർ: ഒല്ലൂരിൽ മദ്യലഹരിയിൽ നടന്ന തർക്കത്തിൽ തലയ്ക്ക് പരിക്കേറ്റ് പൊന്നുക്കര ചിറ്റേത്ത്പറമ്പിൽ സുധീഷ് (52) ആണ് മരിച്ചത്. പ്രതി പൊന്നുക്കര വട്ടപ്പറമ്പിൽ വിഷ(31)വിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്ച്‌ച ഉച്ചയ്ക്ക് പൊന്നുക്കര സ്വദേശി സുകുമാരൻ്റെ വീട്ടിലാണ് സംഭവം.
ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ സുധീഷ് ഏതാനും ദിവസംമുമ്പ് നാട്ടിലെത്തി സുകുമാരൻ്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും വീടിനു മുന്നിലിരിക്കുന്ന സമയത്ത് അവിടെയെത്തിയ വിഷ്‌ണു വീട്ടിലേക്ക് കയറി. 15 വർഷംമുമ്പ് വിഷ്‌ണുവിൻ്റെ സഹോദരിയെ സുധീഷ് കളിയാക്കിയെന്ന കാരണം പറഞ്ഞ് വിഷ്ണു, സുധീഷിനു നേരെ കയർത്തു. പിന്നീട് ഇരുവരും തമ്മിൽ തർക്കമായി.
ഇതിനിടെ വിഷ്ണു സുധീഷിൻ്റെ തലപിടിച്ച് ഭിത്തിയിലിടിച്ചു. ദേഹത്ത് ഹാക്സോ ബ്ലേഡുകൊണ്ടും വരഞ്ഞു. പിന്നീട് തലപിടിച്ച് നിലത്തടിക്കുകയും ചെയ്തു. ഗുരുതരപരിക്കേറ്റ സുധീഷിനെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച രാവിലെ മരിച്ചു.
വിഷ്ണു സംഭവദിവസം മറ്റു പലരുമായി വഴക്കുകൂടിയതായും പറയുന്നു. ഇയാളുടെ പേരിൽ മറ്റ് പല കേസുകളുമുണ്ട്. കാപ്പ പ്രകാരം നാടുകടത്തിയിട്ടുണ്ട്. ഒല്ലൂർ പോലീസാണ് സുധീഷിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. വ്യാഴാഴ്‌ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.