വടക്കാഞ്ചേരി: പാണ്ടിയുടെ നാദാവേശം ഉത്രാളിക്കാവിലെ ആൽത്തറയിൽ താളപ്പെരുമഴയായി കൊട്ടിക്കലാശിച്ചു. തുടർന്ന് ഉത്രാളിമാനത്ത് വർണംവിടർത്തി വെടിക്കെട്ട് നടന്നു.
കലാമണ്ഡലം ശിവദാസൻ മാരാരുടെ പ്രാമാണ്യത്തിൽ സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂർ ശബരി തുടങ്ങി നൂറിലധികം കലാകാരന്മാരായിരുന്നു പാണ്ടിയുടെ ഗരിമ സമ്മാനിച്ചത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ., നഗരസഭചെയർമാൻ പി.എൻ. സുരേന്ദ്രൻ, പൂരം ചീഫ് കോഡിനേറ്റർ തുളസി കണ്ണൻ, ദേശക്കമ്മിറ്റി പ്രസിഡന്റുമാരായ എ.കെ. സതീഷ്കുമാർ, സി.എ. ശങ്കരൻകുട്ടി, ടി.പി. ഗിരീശൻ, തഹസിൽദാർ രാജേഷ് മാരാത്ത് എന്നിവർ മേളവിളക്ക് തെളിയിച്ചു. വെടിക്കെട്ടിന് കനത്ത സുരക്ഷയൊരുക്കിയിരുന്നു. റെയിൽവേ ട്രാക്ക് പരിസരത്തേക്ക് കാണികളെ കർശനമായി വിലക്കി. വനത്തിനുള്ളിലും വനപാലകരുടെ പട്രോളിങ്ങുണ്ടായിരുന്നു.
നൂറു മീറ്റർ അകലമെന്ന നിബന്ധന ബാരിക്കേഡ് കെട്ടി ഉറപ്പാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹൈക്കോടതിയുടെ നിർദേശങ്ങളെല്ലാം പാലിച്ചെന്ന് പരിശോധിച്ചാണ് വെടിക്കെട്ടിന് തിരികൊളുത്താൻ അനുമതി നൽകിയത്.
സേലം ജ്യോതി കണ്ണൻ്റെ ലൈസൻസിയിൽ അങ്കമാലിയിലെ തോമാസായിരുന്നു എങ്കക്കാടിന്റെ വെടിക്കെട്ട് സജ്ജീകരണം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്രാളിപ്പൂരം അന്നദാനത്തിന് ഞായറാഴ്‌ച വടക്കാഞ്ചേരി ശിവക്ഷേത്രത്തോടു ചേർന്നുള്ള അന്നദാനമണ്ഡപത്തിൽ വടക്കാഞ്ചേരി വിഭാഗം തുടക്കംകുറിച്ചു.
തിങ്കളാഴ്ച ആനച്ചമയപ്രദർശനമാണ് പൂരത്തിന്റെ പ്രധാന കാഴ്ച. വടക്കാഞ്ചേരിയുടെ പ്രദർശനം ശിവക്ഷേത്രപരിസരത്തും കുമരനെല്ലൂരിന്റേത് എൻ.എസ്.എസ്. മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലും എങ്കക്കാടിന്റേത് കാവിന് സമീപവുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഉത്രാളിപ്പൂരം.


