Monday, March 17, 2025
HomeCity Newsറവന്യൂ അവാർഡ്: തൃശ്ശൂർ മികച്ച കളക്ടറേറ്റ്
spot_img

റവന്യൂ അവാർഡ്: തൃശ്ശൂർ മികച്ച കളക്ടറേറ്റ്

കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് ജില്ലാ കളക്ടർ

ഇക്കൊല്ലത്തെ റവന്യൂ അവാർഡുകളുടെ പ്രഖ്യാപനം വന്നപ്പോൾ തൃശ്ശൂർ ജില്ല മികച്ച കളക്ടറേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ഇത് ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ റവന്യൂ, ജില്ലാ ഭരണ നിർവഹണ സൂചികകളിലെ മികച്ച പ്രവർത്തനങ്ങളാണ് തൃശ്ശൂർ ജില്ലയ്ക്ക് അംഗീകാരം നേടിത്തന്നത്.

വില്ലേജ് ഓഫീസുകളെ ആധുനിക നിലവാരത്തിൽ ഉയർത്തുന്നത് മുതൽ ജില്ലയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ, ദീർഘകാലമായി പരിഹരിക്കാതെ കിടന്ന വിഷയങ്ങളിലുള്ള മാറ്റം എന്നിവ തൃശ്ശൂർ ജില്ലയ്ക്ക് മാതൃകാപരമായ നേട്ടം കൈവരിക്കാൻ കാരണമായി.

കളക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങൾക്ക് കളക്ടറെ കാണുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുജന പരാതി പരിഹാര സെൽ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു. വില്ലേജ് ഓഫീസുകളുടെ നവീകരണം, ഗവൺമെന്റ് ഓഫീസുകളെ ഭിന്നശേഷി സൗഹൃദമാക്കൽ, ഭൂമി ഏറ്റെടുപ്പ്, ടൂറിസം കേന്ദ്രങ്ങളുടെ വികസനം, മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ലൈഫ് ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾ, കിഫ്‌ബി പ്രവർത്തനങ്ങൾ, ദീർഘകാലമായി കെട്ടിക്കിടന്ന പട്ടയപ്രശ്നങ്ങൾ പരിഹരിക്കൽ, ഗോത്രവർഗ മേലെകളിലെ പ്രശ്നങ്ങൾ പരിഹരിക്കൽ, റോഡ് വികസന പ്രവർത്തനങ്ങൾ, ദേശീയപാതാ വികസനം തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങൾ കാര്യക്ഷമമാക്കി. ജില്ലാ ഭരണകൂടം നേരിട്ടുനടത്തുന്ന പദ്ധതികളിലും മറ്റ് സർക്കാർ പദ്ധതികളിലും കൃത്യമായ മേൽനോട്ടവും പദ്ധതി അവലോകനവും ഉറപ്പാക്കി ഉദ്യോഗസ്ഥ വികേന്ദ്രീകരണത്തിലൂടെ ജില്ലയുടെ വികസനത്തിന് ആക്കംകൂട്ടി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾ ഏകോപിച്ചും മേൽനോട്ടം നൽകിയും സ്ത്രീകൾ, കുട്ടികൾ, വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ വയോജനങ്ങൾ തുടങ്ങിയവർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ചു. മീറ്റ് ദി കളക്ടർ എന്ന പേരിൽ എല്ലാ ബുധനാഴ്ചകളിലും വിദ്യാർത്ഥികളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി നടന്നുവരുന്നു. ഭിന്നശേഷിക്കാർക്കായി കൂടെ 3.0 യും കായിക വിദ്യാർഥികൾക്കായി ഗെറ്റ് സെറ്റ് തൃശൂർ പദ്ധതിയും തൃശ്ശൂരിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി എക്സ്പ്ലോർ തൃശൂരും, ജില്ലയിലെ ഡാം വികസനങ്ങളും വിവിധ ടൂറിസം പദ്ധതികളുടെ വികസനവും മുങ്ങിമരണങ്ങൾ ഇല്ലാതാക്കുന്നതിനായി സ്വിം ഫോർ ലൈഫ് പദ്ധതിയും റോഡ് സുരക്ഷയ്ക്കായി ടേക്ക് എ ബ്രേക്ക് പദ്ധതിയും ബോധവൽക്കരണ പരിപാടികളും ജില്ലയിൽ സംഘടിപ്പിക്കാനായി.

ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 8.68 ഏക്കർ ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പൊതുജന പങ്കാളിത്തത്തോടെ ദുരിതാശ്വാസനിധിയിലേക്ക് 2.11 കോടി രൂപ നൽകി. ജില്ലയിലെ 6718 നിർധന രോഗികൾക്കും അവശ ജനവിഭാഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 15.9 കോടി രൂപ ധനസഹായം ഉറപ്പാക്കി. അളവിൽ കൂടുതൽ കൈവശം വച്ചിരുന്ന മിച്ചഭൂമി കണ്ടെത്തുന്ന പ്രവർത്തനം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കി. മേച്ചിൽപുറങ്ങൾ ജില്ലാതലത്തിൽ
ത്തന്നെ ഡീവെസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ആദ്യം നടപ്പിലാക്കിയ ജില്ലയാണ് തൃശൂർ.

എല്ലാവർക്കും ഭൂമിയും ആ ഭൂമിക്ക് രേഖയും അതിൽ വാസയോഗ്യമായ വീടൊരുക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനായി. വിവിധ സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇങ്ങനെ വിവിധങ്ങളായ പദ്ധതി നിർവഹണങ്ങളിലെല്ലാം 100 ശതമാനം നേട്ടം ഉറപ്പാക്കിയാണ് അർഹതയ്ക്കുള്ള അംഗീകാരമായി റവന്യൂ അവാർഡ് തൃശ്ശൂർ ജില്ലയ്ക്ക് ലഭിച്ചിരിക്കുന്ന തെന്ന് കളക്ടർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments