കുന്നംകുളം: പെരുമ്പിലാവിലെ ബാറിൽ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെക്കൂടി കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. ബാർ ജീവനക്കാരായ കടങ്ങോട് നാംകുളങ്ങര വീട്ടിൽ നിജി (33), സുൽത്താൻ ബത്തേരി ചുള്ളിയോട് പരേക്കാട്ട് വീട്ടിൽ പൗലോസ് (49) എന്നിവരെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
പെരുമ്പിലാവ് കെ.ആർ. ബാറിൽ ഞായറാഴ്ച രാത്രിയിലായിരുന്നു മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. ബാറിലെ ജീവനക്കാരായ പാലക്കാട് ഏത്തന്നൂർ ചെമ്പത്കുളം പൂളപറമ്പിൽ ഷിജുകുമാർ (31), തിരുവനന്തപുരം കിളിമാനൂർ മലയ്ക്കൽ അംബിക വിലാസത്തിൽ സുജിത് (34), പാലക്കാട് ചേരമംഗലം ചെറുകുളം ജയൻ (43) എന്നിവരെ തിങ്കളാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളുമായി പോലീസ് ബാറിലെത്തി തെളിവെടുപ്പ് നടത്തി. യുവാവിനെ മർദിക്കാൻ ഉപയോഗിച്ച ഹോക്കിസ്റ്റിക്കും വടികളും ഇവിടെ നിന്നും കണ്ടെടുത്തു.
മെഡിക്കൽ പരിശോധനകൾക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. അഞ്ചാളുകളുടെയും പേരിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഘർഷത്തിനുശേഷം തിങ്കളാഴ്ച പോലീസ് ബാറിലെത്തി നിരീക്ഷണക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിലുൾപ്പെട്ട അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു