ചെറുതുരുത്തി: നവീകരണം പൂർത്തിയായ വള്ളത്തോൾ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പാസഞ്ചർ വണ്ടികൾ നിർത്താൻ സംവിധാനമൊരുക്കണമെന്ന അവശ്യം ശക്തമാകുന്നു.
നിലവിൽ ഒരു മെമു അടക്കം നാലോളം പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ ഇപ്പോൾ നിർത്തുന്നത്. വിദ്യാർഥികളും ജീവനക്കാരും ആശുപത്രികളിലേക്കു പോകുന്ന രോഗികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണ് ഈ ട്രെയിനുകളെ ദിവസേന ആശ്രയിക്കുന്നത്.
ഷൊർണൂരിൽ നിർത്താതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാൻ സ്റ്റേഷൻ നവീകരണം നടപ്പാക്കണമെന്ന് ഏറെക്കാലത്തെ ആവശ്യത്തെത്തുടർന്നാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഉയർത്തി നവീകരിച്ചത്. എന്നാൽ, ഇതോടെ ദുരിതത്തിലായത് വണ്ടികളിലെ സ്ഥിരം യാത്രക്കാരാണ്
രണ്ടാമത്തെ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോമിലാണ് മിക്ക ട്രെയിനുകളും നിലവിൽ നിർത്തുന്നത്. രണ്ടാമത്തെ താഴ്ന്ന പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് എത്താൻ ഏറെ ബുദ്ധിമുട്ടാണ്. റെയിൽവേ സ്റ്റേഷനു മുന്നിലൂടെ ചാടിയിറങ്ങി ട്രാക്ക് മുറിച്ചുകടന്ന് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തുകയാണ് ഒരു വഴി. അതല്ലെങ്കിൽ പ്ലാറ്റ്ഫോം മുഴുവൻ ചുറ്റി അപ്പുറത്തേക്ക് കടക്കണം.
കൃത്യമായി നടവഴിയില്ലാത്തതിനാൽ കാൽനട യാത്രക്കാർക്കുപോലും ഇതിലൂടെ നടക്കാൻ ബുദ്ധിമുട്ടാണ്.
വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ നിർത്താൻ സംവിധാനം ഒരുക്കിയാൽ നിലവിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയും.