മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിക്ക് തുടക്കം കുറിച്ചു. ആനുരുളി ബണ്ട് റോഡ് പരിസരത്തു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വർഷത്തിൽ മൂന്നുപ്രാവശ്യമെങ്കിലും പഞ്ചായത്തിലെ പ്രധാന പൊതുവഴികളെല്ലാം പുല്ലുവെട്ടി വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.

പഞ്ചായത്തിലെ 17 വാർഡുകളിലും ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പൊതുവഴികൾ പുല്ലുവെട്ടി വൃത്തിയാക്കും. ഓരോ വാർഡുകൾക്കും നിശ്ചിത സമയപരിധി നിശ്ചയിച്ച് നൽകിയിട്ടുണ്ട്. പദ്ധതിക്കായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, കെ വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, പുല്ലൂർ ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡന്റ് കെ എൻ ദിവാകരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ അജിത, പരമു, വാർഡ് മെമ്പർ നിഖിത അനൂപ്, പഞ്ചായത്തംഗം റോസ്മി ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.