തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ മികച്ച കൃഷി വിജ്ഞാനകേന്ദ്രമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം. മന്ത്രി പി പ്രസാദിൽനിന്ന് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.
മേരി റെജിന പുരസ്‌കാരം ഏറ്റുവാങ്ങി. അഞ്ചുവർഷമായി നടത്തിയ പരിശീലനങ്ങൾ, കൃഷിയിട പരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, മറ്റു വിജ്ഞാന വ്യാപന പദ്ധതികൾ, സംരംഭകത്വ വികസനം, ബാഹ്യ വിഭവസമാഹരണം, കെ വി കെ യുടെ ബഹുമുഖ വികസനം, കർഷക അഭിപ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്ക്‌കാരം നൽകിയത്. കൃഷി അനുബന്ധ മേഖലകളിൽ നടത്തിയ ആയിരത്തോളം പരിശീലനങ്ങൾ, ശില്‌പശാലകൾ, വിവിധ പ്രദേശങ്ങളിൽ ഓരോ വർഷവും പല വിളകളിൽ നടത്തിയ പരീക്ഷണങ്ങളും മുൻനിര പ്രദർശനങ്ങളും മുപ്പതോളം പരിശീലന കൈ പുസ്‌തകങ്ങളും എന്നിവ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുതൽക്കൂട്ടുകളാണ്. ചടങ്ങിൽ കാർഷിക സർവകലാശാലാ വൈസ് ചാൻസിലർ ഡോ. ബി. അശോക് അധ്യക്ഷനായി. സർവകലാശാലയുടെ ഭരണസമിതി അംഗങ്ങൾ, രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.