ചാലക്കുടി: ഞായറാഴ്ച കലാഭവൻ മണി സ്മാരക മുനിസിപ്പൽ പാർക്കിലെത്തിയവർക്ക് വാനനിരീക്ഷണ സൗകര്യമൊരുക്കി ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി. നഗരസഭയുമായി സഹകരിച്ചാണ് സൊസൈറ്റി അത്യാധുനിക സൂക്ഷ്‌മദർശിനി ഉപയോഗിച്ച് വൈകീട്ട് ആകാശ വിസ്‌മയങ്ങൾ കാണിച്ചു കൊടുത്തത്.
നവഗ്രഹങ്ങളിൽ ഭൂമിക്കടുത്തുള്ള ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയുമാണ് സൂക്ഷ്‌മദർശിനിയിൽ പാർക്കിലെത്തിയവർക്ക് കാണാനായത്. ഫെബ്രവരി എട്ടു മുതൽ തിരുവനന്തപുരത്ത് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായണ് പരിപാടി സംഘടിപ്പിച്ചത്.
മുനിസിപ്പൽ ആക്ടിങ് ചെയർപേഴ്‌സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എസ്. ബാബു അധ്യക്ഷനായി. തൃശ്ശൂർ ചാപ്റ്ററിലെ ടി.കെ. ശ്രീനിവാസൻ, ആർ. സുനിത, മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ്, കൗൺസിലർ ബിജി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
