തൃശ്ശൂർ:ബി.ജെ.പി.ക്ക് സംസ്ഥാനത്തുനിന്ന് ആദ്യ എം.പി.യെ സമ്മാനിച്ച, കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മണ്ഡലം ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ തെറ്റി. സുരേഷ്ഗോപി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ചിലതെങ്കിലും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
തീർഥാടനടൂറിസം സർക്യൂട്ട് പദ്ധതിയായിരുന്നു ഇതിൽ പ്രധാനം. പ്രസാദം പദ്ധതിയിലുൾപ്പെടുത്തി ഗുരുവായൂർ, ഇരിങ്ങാലക്കുട, കൂടൽമാണിക്യം, തൃപ്രയാർ ശ്രീരാമക്ഷേത്രം, വടക്കുന്നാഥക്ഷേത്രം എന്നിവയ്ക്ക് സഹായം ലഭ്യമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രം സന്ദർശിച്ചപ്പോൾ നവീകരണപദ്ധതികൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് 100 കോടിയുടെ സഹായത്തിനു നിവേദനം നൽകിയിരുന്നു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സഹായമായ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന മലയോരജനതയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈൻ, ഗുരുവായൂർ തീർഥാടക സ്റ്റേഷൻ പ്രഖ്യാപനം, മുസിരിസ് പൈതൃകപദ്ധതിക്ക് സഹായം തുടങ്ങിയവയും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല
