ചേലക്കര : അണ്ടർ 20 ഫുട്ബോളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞ് ചേലക്കര സ്വദേശി അൽ സാബിത്ത്. 24 മുതൽ ഇൻഡൊനീഷ്യയിൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെൻറിലാണ് ഇന്ത്യയുടെ ഗോൾവല കാക്കാൻ അൽ സാബിത്ത് സുലൈമാന് (17) അവസരം ലഭിച്ചത്. നിലവിൽ അൽ സാബിത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ 30 അംഗ സ്ക്വാഡിൽ അംഗമാണ്.
ചേലക്കര പഞ്ചായത്ത് നാട്ട്യൻചിറ കൽത്തോട്ടി തെക്കേക്കരമേൽ സുലൈമാൻ-ഹാജിറ ദമ്പതിമാരുടെ മകനാണ് അൽ സാബിത്ത്.
ചേലക്കര ഗവ എസ്എംടി സ്കൂൾ, പങ്ങാരപ്പിള്ളി സെയ്ന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ആളൂർ ആർഎംഎച്ച്എസ് സ്കൂളിൽനിന്നാണ് എസ്എസ്എൽസി പഠനം പൂർത്തിയാക്കിയത്. കൊടകര അരിമ്പ അക്കാദമിയിലായിരുന്നു ഫുട്ബോൾ പരിശീലനം നടത്തിയത്. അവിടെ നിന്നാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ അണ്ടർ 15-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 20 ക്യാമ്പ് നടന്നുകൊണ്ടിരിക്കെയാണ് ഇന്ത്യൻടീമിൽ സെലക്ഷൻ ലഭിക്കുന്നത്. അപ്രതീക്ഷിതമായിക്കിട്ടിയ പുതുവർഷസമ്മാനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് നാടും നാട്ടുകാരും.
സുലൈമാനും ഹാജിറയും സൗദിയിൽ സ്വന്തമായി ടെയ്‌ലറിങ്ഷോപ്പ് നടത്തിവരുകയാണ്.
