മണലൂർ : പുത്തനങ്ങാടിയിൽ വീട് കത്തിനശിച്ചു. മുല്ലശ്ശേരി വീട്ടിൽ രവി വാടകയ്ക്ക് താമസിക്കുന്ന ഓടിട്ട വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ചെരിപ്പും ബാഗുകളും നന്നാക്കി ഉപജീവനം നടത്തുന്ന രവി ജോലിക്കും ഭാര്യ പ്രിയ മറ്റൊരു വീട്ടിൽ ജോലിക്കും മക്കൾ സ്കൂളിലേക്കും പോയ നേരത്തായിരുന്നു തീപ്പിടിത്തം.
കൂട്ടിയിട്ടിരുന്ന വിറകിലേക്ക് തീ പടർന്ന് ആളി കത്തുന്നത് സമീപ വീട്ടുകാരാണ് കണ്ടത്. ഉടനെ വെള്ളം അടിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. നാട്ടികയിൽ നിന്ന് അഗ്‌നി രക്ഷാ സേനയും എത്തി. തീപ്പിടിത്തത്തിൽ മക്കളുടേതടക്കം വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ഇലക്‌ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. അഗ്നി സുരക്ഷാസേന പ്രവർത്തകരാണ് പാചകവാതക സിലിൻഡർ പുറത്തെത്തിച്ച് അപകടം ഒഴിവാക്കിയത്.
രാവിലെ പണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ളമൊഴിച്ച് അടുപ്പ് കെടുത്തിയിരുന്നതായി രവി പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
സുധീർ എന്നയാളുടേതാണ് വീട് . ആറുവർഷമായി രവി ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വീട് കത്തിയതോടെ കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറേണ്ട അവസ്ഥയായി.
