സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം തൃശൂരിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് ഒറ്റ ദിവസത്തിൽ നാട് കണ്ടുതീർക്കുക എന്നതാണ്. നൂറുകണക്കിന് ക്ഷേത്രങ്ങളും ദേവാലയങ്ങളും വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ചേർന്ന് സമ്പന്നമാക്കിയ തൃശൂർ കാഴ്ചകൾ മുഴുവൻ കാണുവാൻ സാധിക്കില്ലെങ്കിലും ഒറ്റ ദിവസത്തിൽ കണ്ടുമടങ്ങുവാൻ പറ്റുന്ന ഒരുപാടിടങ്ങളുണ്ട്. വിശ്വാസികളുടെ യാത്ര വടക്കുംനാഥ ക്ഷേത്രത്തിലെ ഗുരുവായൂരിലോ ആരംഭിക്കുമ്പോൾ പ്രകൃതി സ്നേഹികൾക്ക് അതിരപ്പള്ളി വെള്ളച്ചാട്ടം മുതല്‍ വിലങ്ങൻകുന്നും ചാവക്കാട് ബീച്ചുമടക്കം നിരവധി സ്ഥലങ്ങളുണ്ട്. തൃശൂരിൽ ഒരു ദിവസത്തിൽ പോയി വരുവാൻ സാധിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം…
വടക്കുംനാഥ ക്ഷേത്രം

വടക്കുംനാഥ ക്ഷേത്രം തൃശൂർ തുടങ്ങുന്നത് വടക്കുംനാഥനിൽ നിന്നാണ്. ഇവിടുത്തുകാരുടെ ഒരു ദിവസം ആരംഭിക്കുന്ന ഇടവും വടക്കുംനാഥൻ തന്നെയാണ്. വട ഭക്തിയും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഒരേമട്ടിൽ സമന്വയിക്കുന്ന ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ കേരളത്തിലെ ആദ്യക്ഷേത്രമാണെന്നാണ് കരുതപ്പെടുന്നത്. നഗരത്തിന്റെ മധ്യത്തിലായി ഋഷഭാദ്രി എന്ന ചെറു കുന്നിനു മുകളിലാണ് വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും വലിയ മതിലകമുള്ള ക്ഷേത്രമാണ് വടക്കുന്നാഥക്ഷേത്രം.തൃശ്ശൂരിലെത്തുന്ന എല്ലാവർക്കും ക്ഷേത്രത്തെ ഭാഗികമായെങ്കിലും വലംവെച്ചു മാത്രമേ കടന്നപോകുവാൻ സാധിക്കുകയുള്ളൂ.
അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം തൃശൂർ നഗരത്തിൽ നിന്നും ഒറ്റദിവസത്തെ യാത്രയ്ക്ക് പോകുവാൻ ഏറ്റവും അടുത്തുള്ള സ്ഥലമല്ല അതിരപ്പള്ളിയെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ പോകുവാനാഗ്രഹിക്കുന്ന സ്ഥലം അതിരപ്പള്ളി വെള്ളച്ചാട്ടമാണ്. തൃശൂരിലേക്ക് വരുമ്പോൾ തീർച്ചയായും മറക്കാതെ പോയിക്കാണേണ്ട സ്ഥലമാണിത്. കേരളത്തിലെ ഏറ്റവും ഉയരത്തിൽ നിന്നു പതിക്കുന്ന ഈ മനോഹര വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ശക്തിയിൽ കാണുവാൻ സാധിക്കുക മഴക്കാലത്താണ്. 24 മീ. ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്. പാറക്കെട്ടുകളിലൂടെ പതിക്കുന്ന ഈ വെള്ളച്ചാട്ടം ചാലക്കുടി പുഴയിലേക്കാണ് ചെല്ലുന്നത്.
വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്നും കുറച്ചു മുന്നോട്ടു യാത്ര ചെയ്താൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്തിച്ചേരും. ഒരു വലിയ പ്രദേശത്തുകൂടി, പാറക്കെട്ടുകളിലൂടെ പരന്നൊഴുകുന്ന വാഴച്ചാൽ വെള്ളച്ചാട്ടത്തിനു ഇരുവശവും കാടുകളാണ്. വാഴച്ചാലും അതിരപ്പള്ളിയും തമ്മില്‍ വെറും അഞ്ച് കിലോമീറ്ററിന്റെ വ്യത്യാസം മാത്രമേ ഉള്ളുവെങ്കിലും കാഴ്ചയിലും യാത്രാനുഭവത്തിലുമെല്ലാം രണ്ടും വളരെ വ്യത്യസ്തമാണ്. അതിനാൽ പോകുമ്പോൾ വാഴച്ചാലും അതിരപ്പള്ളിയും സന്ദർശിക്കുവാൻ ശ്രദ്ധിക്കുക.
സ്നേഹതീരം ബീച്ച്

വെള്ളച്ചാട്ടത്തിനു പകരം ബീച്ച് കാണാം എന്നാണ് ആലോചനയെങ്കിൽ ഇഷ്ടംപോലെ ബീച്ചുകൾ തൃശൂരിൽ കണ്ടുതീർക്കുവാനുണ്ട്. അതിലേറ്റവും പ്രസിദ്ധം സ്നേഹതീരം ബീച്ചാണ്. ഇവിടേക്കുള്ള വഴിയും കാഴ്ചകളും അത് കഴിഞ്ഞെത്തുന്ന ബീച്ചും ചേരുമ്പോൾ തൃശൂരിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമായി സ്നേഹതീരത്തെ മാറ്റുന്നു. സ്വദേശികളും വിദേശികളുമായ നിരവദി സഞ്ചാരികൾ ഓരോ ദിവസവും ഇവിടെ എത്താറുണ്ട് .
പുന്നത്തൂർ കോട്ട

തൃശൂരിൽ നിന്നും ഏകദിന യാത്രയ്ക്ക് പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് പുന്നത്തൂർ കോട്ട. ആനകളെ സംരക്ഷിക്കുവാനായി നിർമ്മിച്ചിരിക്കുന്ന ഇത് തൃശൂരിൽ നിന്നും വെറും പത്ത് കിലോമീറ്റർ ദൂരത്തിലാണുള്ളത്. ഏകദേശം പലപ്രായത്തിലുള്ള അറുപതോളം ആനകളെ ഇവിടെ സംരക്ഷിക്കുന്നു. ആനകളുടെ ഒരു ദിവസം എങ്ങനെയാണെന്നു കണ്ടറിയുവാൻ ഇവിടേക്കെത്താം. കുട്ടികൾക്ക് കൗതുകം പകരുന്ന ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
കേരള കലാമണ്ഡലം

കേരളത്തിന്‍റെ കലാപീഠം എന്നാണ്, ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലം അറിയപ്പെടുന്നത്. സ്വയം കല്പ്പിത സർവ്വകലാശാലയായ ഇവിടെ ഭാരതീയ നൃത്തകലകളുടെ പരിശീലനത്തിനും സംരക്ഷണത്തിനുമായാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തതെന്നു ചരിത്രം പറയുന്നു. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങളും, വിവിധ താളവാദ്യങ്ങളും കലാരൂപങ്ങള്‍ക്കാവശ്യമായ സംഗീതപാഠങ്ങളും ഇവിടെ പഠിപ്പിക്കുന്നു.
വിലങ്ങൻകുന്ന്

തൃശൂരിന്‍റെ ശ്വാസകോശം എന്നും ഓക്സിജൻ ജാർ എന്നുമെല്ലാം അറിയപ്പെടുന്ന സ്ഥലമാണ് വിലങ്ങൻ കുന്ന്. തൃശൂർ നഗരത്തിൽ നിന്നും 8.5 കിലോമീറ്റർ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിന്റെ മുഴുവൻ ആകാശക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന സ്ഥലമാണ്. സഹ്യപർവ്വതനിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തൃശൂർ നഗരം എന്നിങ്ങനം ഒരു കാഴ്ചയിൽ കൊള്ളാവുന്നതിലുമധികം കാഴ്ചകൾ ഇവിടെ കാണാം. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസപ്രദമായി സമയം ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഔട്ട് ഡോർ തിയേറ്റർ, വാഗൻ വീൽ,അശോകവനം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്യ
ചേപ്പാറ

തൃശൂരിന്‍റെ ഗ്രാമീണഭംഗി അനുഭവിക്കുവാൻ പറ്റിയ സ്ഥലമാണ് ചേപ്പാറ. പച്ചപ്പും ഹരിതാഭയും ചേർന്നു നിൽക്കുന്ന ഇവിടം നഗരത്തിരക്കുകളിൽ നിന്നുമാറി പ്രകൃതിയെ അനുഭവിക്കുവാൻ പറ്റിയ സ്ഥലമാണ്. കുന്നുകളും പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങളും അരുവികളും ആണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. ചെല്ലാർകോവിൽ വ്യൂപോയിന്റ് ആണ് ഇവിടെ തീർച്ചായും കാണേണ്ട സ്ഥലം കൂടിയാണ്. തൃശ്ശൂരിൽ നിന്ന് 16 കിലോമീറ്റർ അകലെ വടക്കാഞ്ചേരിക്കടുത്തുള്ള തെക്കുംകര പഞ്ചായത്തിലാണ് ചേപ്പാറ സ്ഥിതി ചെയ്യുന്ന്.
ചാവക്കാട് ബീച്ച്

തൃശൂർ ജില്ലയിലെ ഏറ്റവും മനോഹരമായ ബീച്ചാണ് ചാവക്കാട് ബീച്ച്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായി സഞ്ചാരികൾ വിലയിരുത്തിയിട്ടുള്ള ഈ ബീച്ച് ഗുരുവായൂർ നിന്നും 4 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മലിനമാകാത്ത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. പ്രാദേശിക സഞ്ചാരികളാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്.
ചേറ്റുവ

തൃശൂരിലെ മറ്റൊരു ഓഫ്ബീറ്റ് സ്ഥലമാണ് ചേറ്റുവാ. ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നദികളും കായലുകളും തോടുകളും കാണാം പഴയൊരു കോട്ടയാണ് ഇവിടുത്തെ ആകർഷണം. ഡച്ചുകാർ നിർമ്മാണം തുടങ്ങിയ ഈ കോട്ട പിന്നീട് പല കാരണങ്ങളാൽ നിര്‍മ്മാണം പൂർത്തിയാകാതെ നീണ്ടുപോയി. ചെങ്കല്ലുകൊണ്ടുള്ള കോട്ടക്ക് ഫോർട്ട് വില്ല്യം എന്നു പേരിട്ട് കാലങ്ങൾക്കു ശേഷം ഡച്ചുകാർ നിർമ്മാണം പുനരാരംഭിച്ചുവെങ്കിലും അത് നടന്നില്ല. പിന്നീട് അത് ടിപ്പു സുൽത്താൽ കൈവശപ്പെടുത്തുകയും ടിപ്പുവിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലാവുകയും ചെയ്തു. അഴിമുഖമാണ് ഇവിടെ കാണുവാനുള്ളത്