കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് പരിധിയിലെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും പരിശോധന നടത്തി. കയ്പമഗംലം ബീച്ച് വഞ്ചിപ്പുര ഭാഗത്ത് വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടൽ അധികൃതർ അടപ്പിച്ചു. സെന്ററിൽ പ്രവർത്തിച്ചിരുന്ന ശ്രീറാം ഹോട്ടലാണ് അടപ്പിച്ചത്.
മറ്റിടങ്ങളിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും അധികൃതർ നിർദേശിച്ചു.
കയ്പമംഗലം പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ആർ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എസ്. ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, മുഹമ്മദ് ബാദുഷ വൈ. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
