വിധവയായ തനിക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കും കെട്ടുറപ്പുള്ള വീട് ഒരുക്കിത്തരണമെന്ന ആവശ്യവുമായി കരുതലും കൈത്താങ്ങും ചാലക്കുടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ എത്തിയതായിരുന്നു എൺപതുവയസ്സുകാരി ദേവു അമ്മ. മേലൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡിലെ മേലപ്പിള്ളിയിലെ പുറമ്പോക്ക് സ്ഥലത്തെ ദേവു അമ്മയുടെ മണ്‍കട്ട കെട്ടിയ വീട് കഴിഞ്ഞ മഴയത്ത് ഭാഗികമായി തകര്‍ന്നിരുന്നു. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വളരെ സങ്കടത്തോടെയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
അദാലത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ മുന്നില്‍ കരഞ്ഞുകൊണ്ട് പരാതിപറയാനെത്തിയ ദേവു അമ്മയുടെ പരാതിക്ക് നിമിഷങ്ങള്‍ക്കകം പരിഹാരമായി. 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ 19 വീടുകളില്‍ ഒഴിവായിക്കിടക്കുന്ന ചാലക്കുടി താലൂക്കിലെ ഒരു വീട് ദേവു അമ്മയ്ക്ക് നല്‍കാനാണ് അദാലത്തില്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ദേവു അമ്മയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കും ഇനി മഴപെയ്താല്‍ ചോരാത്ത വീട്ടില്‍ താമസിക്കാം.
അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാമെന്ന തന്റെ വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തോടെയാണ് ദേവു അമ്മ അദാലത്തില്‍ നിന്നും പടിയിറങ്ങിയത്.
