അറസ്റ്റിലായ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് ജയിലിൽ അടച്ചു. അറസ്റ്റ് തിങ്കളാഴ്ച വരെ വൈകിപ്പിക്കണമെന്ന നടന്റെ ഹര്‍ജി കോടതി തള്ളി. കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. നടന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും അറസ്റ്റിലാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.
41 കാരനായ താരത്തിനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിലെ അംഗങ്ങൾക്കും നഗരത്തിലെ സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റിനും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലാണ് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചത്. പ്രീമിയര്‍ ഷോ കാണാനെത്തിയതായിരുന്നു ഇവര്‍.