Sunday, December 22, 2024
HomeBREAKING NEWSഅല്ലു അർജുൻ ജയിൽ മോചിതനായി
spot_img

അല്ലു അർജുൻ ജയിൽ മോചിതനായി

ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വൻ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

റിമാൻഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കാൻ വൈകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുഴുവൻ അല്ലു അർജുന് ജയിലിൽ തുടരേണ്ടിവരികയായിയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കിയെങ്കിലും അത് സ്വീകരിക്കാൻ ജയിൽ അധികൃതർ തയ്യാറായിരുന്നില്ല. തുടർന്നായിരുന്നു ജാമ്യ നടപടികൾ ഇന്നത്തേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാവിലെ 11.45ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നായിരുന്നു അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാലജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അല്ലു അര്‍ജുന്‍ സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. രേവതിയുടെ മരണത്തില്‍ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments