തൃശൂർ: കേരള നോളജ് ഇക്കോണമി മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനകേരളം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിന്റെ അധ്യക്ഷതയിൽ ചേർന്നു.
വിവിധ വകുപ്പുകളെയും ത്രിതല പഞ്ചായത്തുകളെയും ഉൾപ്പെടുത്തിക്കൊണ്ടാകും പദ്ധതി നിർവഹണം. തൊഴിലന്വേഷകർക്ക് നൈപുണിക്കനുസൃതമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പങ്കാളിത്ത സന്നദ്ധ പ്രവർത്തനമാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് തലത്തിൽ തെരഞ്ഞെടുക്കുന്ന റിസോഴ്സ് പേഴ്സൺമാർ വഴി ഓരോ നിയോജകമണ്ഡലത്തിലെയും ജോബ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. നൈപുണി പരിശീലനം ആവശ്യമായവർക്ക് വിഷയ വിദഗ്ധരുടെ സേവനവും ലഭിക്കും.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ സംഘം വാർഡ് റിസോഴ്സ് പേഴ്സൺമാർക്ക് ആവശ്യമായ പരിശീലനവും നൽകും.
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, ഡെപ്യൂട്ടി കലക്ടർ ശാന്തകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ യു സലീൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, കില സീനിയർ അർബന്‍ ഫെല്ലോ കെ രാജേഷ്, കുടുംബശ്രീ അസിസ്റ്റന്റ് കോ–-ഓർഡിനേറ്റർ കെ കെ പ്രസാദ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി ഡി ലിസി, സാമൂഹ്യ നീതി സീനിയർ സൂപ്രണ്ട് എസ് ജോയിസി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് വർഗീസ്, യുവജനകേന്ദ്രം ഓഫീസർ സബിത, അസാപ് പ്രോഗ്രാം മാനേജർ റോയ്, കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജർ കെ ജെ സിതാര എന്നിവർ സംസാരിച്ചു.