തൃശ്ശൂർ: ഗോളിയില്ലാത്ത പോസ്റ്റിൽഗോളടിക്കാൻ ചില്ലറ അഭ്യാസമൊന്നും പോര. ബാലൻസ് വേണം, വേഗത വേണം, ലക്ഷ്യം കൃത്യമാകുകയും വേണം. ഇത് സൈക്കിൾപോളോ. സൈക്കിളിൽ ഇരുന്നുകൊണ്ട് കാൽ നിലംതൊടീക്കാതെ കൈയിലുള്ള സ്റ്റിക്കുകൊണ്ട് ഗോളിയില്ലാത്ത ഗോൾപോസ്റ്റിലേക്ക് പന്ത് തട്ടുന്നു. തൃശ്ശൂർ ജില്ലാ സൈക്കിൾപോളോ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് കൗതുകവും ആവേശവും നിറയ്ക്കുന്നതായിരുന്നു. പേരാമംഗലം ശ്രീ ദുർഗാവിലാസം എച്ച്.എസ്.എസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാലുപേരടങ്ങുന്ന 21 ടീമുകൾ പങ്കെടുത്തു.
സംസ്ഥാനതലത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ദേശീയതലത്തിൽ സീനിയർ വിഭാഗത്തിൽ വിജയിക്കുന്നവർക്ക് കേന്ദ്രസർക്കാർജോലിയും ലഭിക്കും. കൂടുതൽ താരങ്ങളെ വളർത്തിയെടുക്കാനാണ് അസോസിയേഷൻ ലക്ഷ്യംവെക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾപോളോ പരിശീലനം നൽകുന്നുണ്ട്.
സാഹിത്യകാരൻ എൻ. രാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എ. ഹസൻ അധ്യക്ഷനായി.