തൃശൂർ: റെയിൽവേ സ്‌റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയുടെ പുനർ നിർമാണത്തോടെ അടിമുടി മുഖം മിനുക്കാനൊരുങ്ങി സാംസ്‌കാരിക നഗരം. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിങ്ങാണ് ഒരുക്കുന്നത്.
റിസർവേഷൻ ഉൾപ്പെടെ ഒട്ടേറെ ടിക്കറ്റ് കൗണ്ടറുകൾ, കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതകൾ, റെയിൽവേ ജീവനക്കാർക്കായി അപ്പാർട്മെന്റ്, വീതിയേറിയ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്റർ, ഹോട്ടൽ അടക്കമുള്ള വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പുതിയ സ്റ്റേഷനിൽ ഉണ്ടാവുക. അടുത്ത 100 വർഷത്തെ ആവശ്യം മുന്നിൽ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തും.
ആരാധനാലയങ്ങളുടെ നാടു കൂടിയായ തൃശൂരിൻ്റെ സാംസ്‌കാരിക പൈതൃകവും ആധുനികതയും സംയോജിക്കുന്ന വിധത്തിലുള്ള കെട്ടിടമാണു വിഭാവനം ചെയ്തിരിക്കുന്നത്. ഒരു വർഷം 70 ലക്ഷത്തോളം യാത്രക്കാരാണു തൃശൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകളിൽ വരുമാനത്തിലും മുന്നിലാണു തൃശൂർ സ്റ്റേഷൻ. തിരുവന്തപുരം ഡിവിഷൻ്റെ 2023-24 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം തൃശൂർ സ്‌റ്റേഷൻ്റെ വരുമാനം 164.78 കോടി രൂപയാണ്.
2022-23 സാമ്പത്തിക വർഷം 134.61 കോടി രൂപയായിരുന്നു വരുമാനം. ഒരു വർഷത്തിനുള്ളിൽ 30.17 കോടി രൂപയുടെ വർധനയാണു സ്‌റ്റേഷൻ നേടിയത്. 69.35 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ സാമ്പത്തിക വർഷം തൃശൂർ സ്റ്റേഷനെ ആശ്രയിച്ചത്. 2022-23 വർഷം 58.71 ലക്ഷം യാത്രക്കാരും.
മധ്യകേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിൽ ഒന്നായ തൃശൂരിന്റെ വികസനം യാത്രക്കാർക്കും ഗുണകരമാകും. ഒപ്പം വരുമാനത്തിൽ റെയിൽവേയ്ക്കും നേട്ടമുണ്ടാകും.
സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ഒത്തൊരുമിച്ച പ്രവർത്തനം വേണമെന്നു ഈ മാസം ആദ്യം നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർദേശിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ വികസന യോഗം ഉടൻ തൃശൂരിൽ നടക്കുമെന്നാണു സൂചന. റെയിൽവേ ബോർഡിന്റെ അനുമതി തൃശൂരുകാർക്കുള്ള ദീപാവലി സമ്മാനമാണെന സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.
മാറാൻ കെഎസ്ആർടിസിയും നഗരത്തിൽ റെയിൽവേ സ്റ്റേഷനു തൊട്ടു സമീപത്തു തന്നെയുള്ള കെഎസ്ആർടിസി സ്റ്റാൻഡും ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശീതീകരിച്ച ലോഞ്ചുകൾ, ബസ് ബേകൾ, ശുചിമുറികൾ എന്നിവയാണ് ഒരുങ്ങുന്നത്. ഇതോടൊപ്പം യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയുള്ള സൗകര്യങ്ങളും ഒരുക്കും. പി.ബാലചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സമഗ്രമായ മാസ്‌റ്റർ പ്ലാൻ തയാറാക്കിയ ശേഷമാകും പുനർനിർമാണം അന്തിമമാക്കുക.